-kerala-bank

കൊച്ചി : കേരള ബാങ്കിൽ 1850 താല്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ വേങ്ങര സ്വദേശി എ.ലിജിത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കേരള ബാങ്ക് അധികൃതരുടെയും വിശദീകരണം തേടി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

13 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് 2019 നവംബർ 29നാണ് കേരള ബാങ്കിനു രൂപം നൽകിയത്. ക്ളാർക്ക്, പ്യൂൺ, പാർട്ട് ടൈം സ്വീപ്പേഴ്സ്, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 1850 പേർക്ക് താല്കാലിക നിയമനം നൽകിയിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. സ്ഥിരപ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത അറിയിക്കാനും വിഷയത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ച് ശുപാർശ മടക്കി. 15ന് വീണ്ടും മന്ത്രിസഭായോഗം ചേരുമ്പോൾ ഇതു ഹാജരാക്കുമെന്നാണ് അറിയുന്നത്. എം.കോം ബിരുദധാരിയായ താനുൾപ്പെടെ തൊഴിൽ രഹിതരായി നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താൻ നീക്കമെന്നും ഹർജിയിൽ പറയുന്നു.