koorumala
കൂരുമലയിൽ നിന്നുള്ള മഞ്ഞിന്റെ കാഴ്ച

കൊച്ചി: ഒറ്റദിവസം കൊണ്ട് കാഴ്ചകൾ കണ്ടും രസിച്ചും കുടുംബസമേതം സഞ്ചരിക്കാൻ കഴിയുന്ന ഗ്രാമീണ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രിയമേറുന്നു. കൊവിഡ് മൂലം ദിവസങ്ങൾ ആവശ്യമുള്ള ദീർഘ യാത്രകൾക്ക് കഴിയാതെ വന്നതോടെയാണ് ഗ്രാമീണ കേന്ദ്രങ്ങൾ സ‌ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്. അവസരം ഗുണകരമാക്കി പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പാക്കി വരികയാണ്. എറണാകുളം ജില്ലയിലെ കൂരുമലയും സഞ്ചാരികളുടെ ഇഷ്ടഇടമായി മാറിക്കഴിഞ്ഞു.

കോടമഞ്ഞിന്റെ ആസ്വാദ്യത

ഇലഞ്ഞി പഞ്ചായത്തിലെ മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നും ഇതുതന്നെയാണ്. ഡിസംബറി​ലും ജനുവരിയി​ലും മൺസൂൺ കാലത്തുമാണ് ഇവിടം കൂടുതൽ ആസ്വാദ്യകരം. പ്രഭാതത്തിലും സന്ധ്യയ്ക്കും കോടമഞ്ഞ് ഇറങ്ങുന്നത് മനംമയക്കുന്ന കാഴ്ചയാണ്. മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റു കൊള്ളാനും നക്ഷത്രങ്ങളെ കണ്ടു കിടക്കാനും മറ്റുമായി സമീപവാസി​കൾ പണ്ടുമുതലേ എത്താറുള്ള കൂരുമല മികച്ച ഹിൽ സ്റ്റേഷനാക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. പാറകൾ നിറഞ്ഞതിനാൽ റോക്ക് ക്ലൈമ്പിംഗിനും ഇവിടെ സൗകര്യമുണ്ട്. കൂരുമല ടൂറിസം പദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ച് സൗകര്യങ്ങൾ ഒരുക്കി​യി​ട്ടുണ്ട്. നടപ്പാത, വിശ്രമിക്കുന്നതിനുള്ള മണ്ഡപം എന്നിവ തയ്യാറായി കഴിഞ്ഞു. വാച്ച് ടവറും നിർമ്മിച്ചു.

കിയോസ്ക് നിർമ്മിക്കും

ലഘുഭക്ഷണത്തി​നായി​ കൂരുമലയിൽ റിഫ്രഷ്മെന്റ് കിയോസ്ക് സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അറിയിച്ചു. വാച്ച് ടവറിന് സമീപം കിയോസ്ക് നിർമ്മിച്ച് മൂന്നു വർഷം പ്രവർത്തിപ്പിച്ചശേഷം കൈമാറണമെന്നാണ് വ്യവസ്ഥ. സംരംഭകർ, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ എന്നിവയ്ക്കാണ് അവസരം.

എങ്ങനെയെത്താം

എറണാകുളം - പിറവം വഴി - ഇലഞ്ഞി

കോട്ടയം - കുറവിലങ്ങാട് വഴി - ഇലഞ്ഞി

ഇടുക്കി - കൂത്താട്ടുകുളം വഴി - ഇലഞ്ഞി

ഇലഞ്ഞിയിൽനിന്ന് കൂരുമലയുടെ താഴ്‌വാരത്തിലേക്ക് 3 കിലോമീറ്റർ