
പിറവം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇടതു സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിറവം പള്ളിക്കവലയിൽ ഐശ്വര്യ കേരള യാത്രക്ക് നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറവം കെ.എസ്.ആർ.ടി.സി.കവലയിൽ എത്തിയ ജാഥയെ നൂറുകണക്കിന് പ്രവർത്തകരുടേയും വാഹനങ്ങളുടേയും അകമ്പടിയോടെയാണ് പള്ളിക്കവലയിലേയ്ക്ക് ആനയിച്ചത്. പൊരിവെയിലത്തും യു.ഡി.എഫ് പ്രവർത്തകർ സ്വീകരണത്തിന് എത്തിയത് നേതാക്കൾക്കും ആവേശമായി. ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, സി..പി. ജോൺ, എം.പി.മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എ.മാരായ വി.ഡി. സതീശൻ, എൽദോസ് കുന്നപ്പള്ളി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ജെ. പൗലോസ്, ജെയ്സൺ ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ. ജോൺ, സാബു കെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.