ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന മഹോത്സവം 18നാണ് സമാപിക്കുന്നത്.നാളെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പുരുഷൻ ആമ്പല്ലൂർ, മേൽശാന്തി ശ്രീജിത്ത് മോഹൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറുന്നത്. നാളെ രാവിലെ എട്ടിന് നാരായണീയപാരായണം, വൈകിട്ട് 4.30ന് കൊടി, കൊടിക്കയർ, ദേവിക്ക് സ്വർണ്ണ കിരീടം സമർപ്പണം എന്നിവ നടക്കും. ശാഖാങ്കണത്തിൽ നിന്നും താളമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 16ന് വൈകിട്ട് 6.30ന് ഗണപതിക്ക് അപ്പംമൂടൽ, തുടർന്ന് ദീപാരാധനക്ക് ശേഷം തിരിപിടുത്തം, 17ന് രാത്രി ഒമ്പതിന് പുത്തൻചിറ കെ.ടി. വിനോദ് നയിക്കുന്ന കളമെഴുത്തും പാട്ടും, 18ന് രാവിലെ ഏഴിന് നാദശ്രീ സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ സംഗീതാർച്ചന, വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ പകൽപ്പൂരം, രാത്രി എട്ടിന് ക്ഷേത്രത്തിൽ താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും.