അങ്കമാലി: നായത്തോട് എയർപോർട്ട് വാർഡിലും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നേരിടാൻ ജന ജാഗ്രതാസമിതി രൂപവത്കരിച്ചു. നെല്ലിക്കാപ്പിള്ളി കാവിലേയ്ക്ക് പോകുന്ന റോഡിലും പരിസരത്തും ഇവരുടെ ശല്യം രൂക്ഷമായി. ജോലി കഴിഞ്ഞും മറ്റും ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ആക്രമണം. മോഷണം മാത്രമല്ല പീഡനശ്രമവും പതിവായിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ എയർപോർട്ട് വാർഡ് കേന്ദ്രീകരിച്ച് ജന ജാഗ്രതാസമിതിക്ക് രൂപം നൽകി. നെടുമ്പാശ്ശേരി എസ്.ഐ വന്ദന കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ രജിനിശിവദാസൻ, ടി .വൈ .ഏല്യാസ് മുൻ കൗൺസിലർ മേരി വർഗീസ്, ജിജോ ഗർവാസീസ് എന്നിവർ പ്രസംഗിച്ചു.