malinyam
ആലുവയിൽ കൊച്ചി മെട്രോ സൗന്ദര്യവത്കരിച്ച ഭാഗം മാലിന്യ സംഭരണ കേന്ദ്രമാക്കിയ നിലയിൽ

ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി സൗന്ദര്യവത്കരിച്ച പ്രദേശം മാലിന്യ സംഭരണ കേന്ദ്രമായി ആലുവ നഗരസഭ. നഗരസഭ ഭരണത്തിലെ നേതൃമാറ്റം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച നാട്ടുകാരിപ്പോൾ നിരാശയിലാണ്. പുതിയ ഭരണസമിതി ചുമതലയേറ്റ് ഒന്നര മാസം പിന്നിട്ടിട്ടും വഴിയോരത്തെ മാലിന്യകൂമ്പാരങ്ങൾ നീക്കിയിട്ടില്ല.

കൊച്ചി മെട്രോ കോടികൾ മുടക്കി സൗന്ദര്യവത്കരിച്ച പ്രദേശത്തും മാലിന്യം കുമിഞ്ഞുകൂടുന്നതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ആലുവ മെട്രോ സ്റ്റേഷൻ മുതൽ പുളിഞ്ചോട് കവല വരെയാണ് കൊച്ചി മെട്രോ സൗന്ദര്യവത്കരിച്ചത്. ടൈൽ വിരിച്ച നടപ്പാത, കാഴ്ച്ച പരിമിതർക്കുള്ള നടപ്പാത, മെട്രോയുടെ സൈക്കിൾ സവാരിക്കുള്ള സൗകര്യം എന്നിവ ഒരുക്കിയതിന് പുറമെ ചെടികളും പുല്ലും പിടിപ്പിച്ച് മനോഹരമാക്കിയിരുന്നു. 2018ലെ മഹാപ്രളയത്തിൽ കുറെ ഭാഗത്ത് നാശങ്ങളുണ്ടായെങ്കിലും മെട്രോ വീണ്ടും നവീകരിച്ചിരുന്നു. എന്നാൽ നഗരം വൃത്തിയാക്കണമെന്ന ചിന്തയില്ലാത്ത നഗരസഭ ഭരണാധികാരികളുടെ നിസംഗത മൂലം ടൈൽ വിരിച്ച നടപ്പാതകളെല്ലാം മാലിന്യ കേന്ദ്രമായി.

ആലുവ മാർക്കറ്റിൽ നിന്നുള്ള പച്ചക്കറി മാലിന്യങ്ങൾ വരെ ചാക്കുകളിലാക്കി നടപ്പാതയിൽ തള്ളിയിരിക്കുകയാണ്. കാരോത്തുകുഴി ആശുപത്രിക്ക് പിൻവശം 31 -ാം നമ്പർ പില്ലറിന് സമീപമാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. ഇതോടെ കാൽനട യാത്രക്കാർ നടപ്പാത ഉപേക്ഷിച്ച് റോഡിലൂടെയാണ് സഞ്ചാരം. നടപ്പാതയിൽ കാൽനട യാത്ര കുറഞ്ഞപ്പോൾ മാലിന്യം നിക്ഷേപിക്കാത്ത സ്ഥലത്ത് വള്ളിപ്പകടപ്പുകളും പിടിച്ചു. സമീപത്തെ ഫ്ളൈഓവറിൽ അന്തിയുറങ്ങുന്ന ഇതര സംസ്ഥാനക്കാർ പ്രാഥമീകാവശ്യങ്ങൾ വരെ നിർവഹിക്കുന്നതും നടപ്പാതയിലാണ്. ലോറി പേട്ട പോലെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ള മേല്പാലത്തിനടിയിലും മാലിന്യ കൂമ്പാരമാണ്. വലിയ വാഹനങ്ങൾ നടപ്പാതയിലേക്ക് കയറ്റി പാർക്ക് ചെയ്തുള്ള നാശനഷ്ടങ്ങൾ ഇതിന് പുറമെയാണ്.സൗന്ദര്യവത്കരണ പ്രദേശത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ഭാരവാഹികൾ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.

സാമൂഹ്യ വിരുദ്ധരുടെ തീയിട്ടു

സൗന്ദര്യവത്കരണ പ്രദേശത്തെ അവശേഷിക്കുന്ന പച്ചപ്പ് പോലും നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരും കുറവല്ല. കഴിഞ്ഞ ദിവസം 34 -ാം നമ്പർ പില്ലറിന് സമീപം മെട്രോ നട്ടുവളർത്തിയ പുല്ലിനും ചെടിക്കും സാമൂഹ്യ വിരുദ്ധർ തീയിട്ടിരുന്നു. ഏകദേശം 25 മീറ്ററോളം നീളത്തിൽ പുല്ല് അഗ്നിക്കരയായിട്ടുണ്ട്.