church

കൊച്ചി : കോതമംഗലം മാർത്തോമൻ ചെറിയപള്ളി സി.ആർ.പി.എഫിന്റെ സഹായത്തോടെ ഏറ്റെടുക്കണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സി.ആർ.പി.എഫ് പുന:പരിശോധനാ ഹർജി നൽകി. സഭാ തർക്കത്തെത്തുടർന്ന് പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്‌സ് വിഭാഗത്തിനു കൈമാറണമെന്ന ഉത്തരവു സർക്കാർ നടപ്പാക്കാത്തതിനെത്തുടർന്നാണ് ഡിസംബർ എട്ടിന് സിംഗിൾബെഞ്ച് സി.ആർ.പി. എഫിന്റെ സഹായത്തോടെ പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടത്.

ഉത്തരവ് നിയമപരമല്ലെന്നും കേന്ദ്ര സേനയുടെ പ്രവർത്തനരീതിക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം പള്ളിപ്പുറം ക്യാമ്പിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലാണ് റിവ്യൂ ഹർജി നൽകിയത്. ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. സർക്കാർ ആവശ്യപ്പെടാതെ കേന്ദ്ര സേനയുടെ സഹായം വിട്ടു നൽകാൻ നിയമപരമായി തടസമുണ്ട്. ഉത്തരവു നടപ്പാക്കാൻ സി.ആർ.പി.എഫ് തയ്യാറായാലും സംസ്ഥാന പൊലീസ് സേനയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായം അനിവാര്യമാണ്. റിവ്യൂ ഹർജി തീർപ്പാക്കും വരെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

പള്ളി ഏറ്റെടുത്തു നൽകാനുള്ള ഉത്തരവു സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം പള്ളിവികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ച് സി.ആർ.പി.എഫിന്റെ സഹായം തേടിയത്.