godown-petta

തൃപ്പൂണിത്തുറ: പേട്ട ജംഗ്ഷനിലെ ബീവറേജസ് ഗോഡൗണിൽ നടക്കുന്ന പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗോഡൗണിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ കുടുംബശ്രീയിൽ വരെ എത്തി നിൽക്കുന്നു എന്നത് പ്രതിഷേധാർഹമാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.ബി.ജെ.പിക്കാരിയാണെന്ന ഒറ്റ കാരണത്തിൽ ജോലി നിഷേധിക്കപ്പെട്ട ജിജി ഷാജി, അനിത സാജു ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകയെയും തിരിച്ചെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി സാധാരണക്കാരായ സ്ത്രീകളുടെ സമഗ്ര ശാക്തീകരണത്തിനായി പ്രവർത്തിക്കേണ്ട കുടുംബശ്രീയെ ഇടതുവത്കരിക്കാനായുള്ള ഹീന ശ്രമത്തെ ബഹുജന പിന്തുണയോടെ ബി.ജെ.പി ചെറുത്തു തോല്പിക്കുമെന്ന് ജില്ലാ സെക്രട്ടറി സി. വി. സജനി പറഞ്ഞു. സമാനമായ പരാതികൾ മറ്റ് സ്‌ഥാപനങ്ങളിൽ നിന്നും ഉയരുന്നുണ്ടെന്നും അവർ പറഞ്ഞു. മാർച്ച് ഗോഡൗണിന് മുമ്പിൽ പൊലീസ് തടഞ്ഞു. ജില്ലാ ഉപാദ്ധ്യക്ഷൻ എസ്. സജി, തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. പീതംബരൻ, അഡ്വ. എൽ. ബാബു എന്നിവർ സംസാരിച്ചു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ്‌ എ.ആർ. രാജേഷ്, സെക്രട്ടറിമാരായ നന്ദകുമാർ, അജയൻ, സി.പി. ബിജു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.