മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ അഞ്ച് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 16.50കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ ഇ.ഇ.സി.മാർക്കറ്റ് റോഡിന് 1.25 കോടി, കടാതികടയ്ക്കനാട്ട് റോഡിന് 2.50കോടി, ആരക്കുഴതോട്ടക്കര റോഡിന് 2.25കോടി, മണ്ണൂർവാളകം റോഡിന് 2.50കോടി, ചാത്തമറ്റംമുള്ളിരിങ്ങാട് റോഡിന് 8 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ ഇ.ഇ.സി മാക്കറ്റ് റോഡ് എം.സി.റോഡിലെ വെള്ളൂർകുന്നത്ത് നിന്നും ആരംഭിച്ച് കീച്ചേരിപ്പടിഇരമല്ലൂർ റോഡിൽ അവസാനിക്കുന്ന ഒരു കിലോമീറ്ററോളം വരുന്ന ഭാഗം വരെയുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിനാണ് 1.25കോടി രൂപ അനുവദിച്ചിരിക്കുന്നത്. വാളകം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കടാതികടയ്ക്കനാട്ട് റോഡിന്റെ നാല് കിലോമീറ്റർ വരുന്ന ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിനാണ് 2.50കോടി രൂപ അനുവദിച്ചിരിക്കുന്നത്. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആരക്കുഴതോട്ടക്കര റോഡിന്റെ മൂന്ന് കിലോമീറ്റർ വരുന്ന ഭാഗം ബിഎം ബിസി നിലവാരത്തിൽ ടാർചെയ്യുന്നതിന് 2.25കോടി രൂപയും, വാളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വാളകംമണ്ണൂർ റോഡിന്റെ മൂന്ന് കിലോമീറ്റർ വരുന്ന ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിന് 2.50കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 1.90കോടി രൂപ മുടക്കി റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ബാക്കി വരുന്ന ഭാഗം ടാർചെയ്യുന്നതിനും റോഡ് കടന്ന് പോകുന്ന ഭാഗത്തെ പാലത്തിന്റെ വീതികൂട്ടുന്നതിനുമാണ് 2.50കോടി രൂപ അനുവദിച്ചിരിക്കുന്നത്. പൈങ്ങോട്ടൂർപോത്താനിക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ചാത്തമറ്റം മുള്ളിരിങ്ങാട് റോഡിന്റെ ആറ് കിലോമീറ്റർ വരുന്ന ഭാഗവും പോത്താനിക്കാട് പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള ഭാഗവും നവീകരണത്തിന് എട്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളംഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ചാത്തമറ്റംമുള്ളിരിങ്ങാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യും. ഇതോടൊപ്പം തന്നെ പോത്താനിക്കാട് പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള ഭാഗവും ടാർചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.