മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമര ഐക്യ പ്രസ്ഥാനങ്ങളായ സമര സമിതിയും ആക്ഷൻ കൗൺസിലും സംയുക്തമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രാദേശിക കാൽനട പ്രചരണ ജാഥകൾ രണ്ട് ദിവസത്തെ പ്രചാരണം പൂർത്തിയാക്കി സമാപിച്ചു. ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, വർഗ്ഗീയതയെ ചൊറുക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമനം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേന്ദ്രസർക്കാർപൊതുമേഖല സ്ഥാപനങ്ങളിലെ കരാർകാഷ്വൽ നിയമങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ നികത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മൂന്ന് പ്രദേശീക കാൽനട ജാഥകളാണ് പര്യടനം നടത്തിയത്. സി.കെ.സതീശൻ ക്യാപ്ടനും ആനി ജോർജ് വൈസ് ക്യാപ്ടനും, എൻ.വി.ജയകുമാർ മനേജറുമായ ഒന്നാം ജാഥ മുളവൂർ പി.ഒ.ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വൈകിട്ട് പായിപ്ര കവലയിൽ സമാപിച്ചു. കെ.എസ്.ബിജോയ് ക്യാപ്ടനും എസ്.ഉദയൻ വൈസ് ക്യാപ്ടനും , ടി.പി.പത്രോസ് മനേജറുമായ രണ്ടാം ജാഥ ആറൂരിൽ നിന്നും ആരംഭിച്ച് വൈകിട്ട് പാലക്കുഴയിൽ സമാപിച്ചു. ഡോ.ബി.വിനയൻ ക്യാപ്ടനും കെ.കെ.ശ്രീജേഷ് വൈസ് ക്യാപ്ടനും, കെ.കെ.പുഷ്പ മാനേജറുമായ മൂന്നാമത്തെ ജാഥ മടക്കാത്താനത്ത് നിന്നും ആരംഭിച്ച് വൈകിട്ട് അടൂപറമ്പിൽ സമാപിച്ചു.