തൃക്കാക്കര : ശിശുക്ഷേമ സമിതിയിലെ അന്തേവാസിയായ 14കാരി ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചു. എറണാകുളം കളക്ടറേറ്റിന് മുന്നിൽ കെ.പി.എം.സ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ഏപ്രിൽ 18ന് ശിശുക്ഷേമസമിതി ഏറ്റെടുത്ത പെൺകുട്ടി സ്വകാര്യ കേന്ദ്രങ്ങൾ ഉൾപ്പെടെ രണ്ടു വർഷക്കാലം കഴിഞ്ഞു. വടുതലയിലെ കഫർണാം എന്ന സ്വകാര്യ സ്ഥാപനത്തിൽ കഴിയുമ്പോഴാണ് കുട്ടി മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം രേഖകളിൽ നിന്നും ശരീരത്തിനേറ്റ 12 മുറിവുകളുടെയും പീഡനത്തിന്റെയും വിവരങ്ങൾ വെളിപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഏറ്റെടുക്കുന്ന സമയത്ത് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിൽ ശരീരികമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല

സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതും അർദ്ധ ജുഡീഷ്യൽ അധികാരമുള്ളതുമായ ശിശുക്ഷേമസമിതിയുടെ കസ്റ്റഡിയിൽ വച്ചുണ്ടായ പീഡനവും മരണവും ഞെട്ടിക്കുന്നതാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്യത കേസിന്റെ നടപടികൾ കോടതിയിൽ തുടങ്ങാനിരിക്കെയാണ് പ്രധാന സാക്ഷിയായ കുട്ടിയുടെ മരിക്കുന്നത്. ഇത് ദുരൂഹത ഉളവാക്കുന്നു, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ശിശുക്ഷേമസമിതികളിലെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സർക്കാർ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. ഇതിനായി പ്രക്ഷോഭം ശക്തിപ്പെടുത്തുകയും കോടതിയെ സമീപിക്കുകയും ചെയ്യും.പുന്നല ശ്രീകുമാർ പറഞ്ഞു.