
കൊച്ചി: ഫോർട്ടുകൊച്ചിക്കാരൻ ലാസർ ഡിക്രൂസായി റഷ്യക്കാരൻ റാസ്‌കൽനിക്കോവ് മലയാള തിരശീലയിലേക്ക്. ലോകപ്രശസ്ത എഴുത്തുകാരൻ ദസ്‌തേയെവ്‌സ്‌ക്കിയുടെ പ്രസിദ്ധമായ കുറ്റവും ശിക്ഷയും എന്ന നോവലാണ് ഫോർട്ടുകൊച്ചി പശ്ചാത്തലമാക്കി ഒരുങ്ങുന്നത്. നോവലിലെ നായകൻ റാസ്‌കൽനിക്കോവിനെയാണ് ലാസർ ഡിക്രൂസായി പുനരാവിഷ്കരിക്കുന്നത്.
ദസ്‌തേയെവ്‌സ്‌ക്കിയുടെ 200-ാം ജന്മവാർഷികം ആഘോഷിക്കുന്ന കാലത്താണ് തിരക്കഥാകൃത്തായ ബൽറാം മട്ടന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ക്രൈം ആൻഡ് പണിഷ്‌മെന്റ് ' മലയാളത്തിൽ ചലച്ചിത്രമാകുന്നത്. റഷ്യയിൽ സിനിമ പ്രദർശിപ്പിക്കാനും ലക്ഷ്യമുണ്ട്.
റഷ്യൻ സർക്കാരും ദസ്‌തേയെവ്‌സ്‌ക്കി ഫൗണ്ടേഷനും ആരാധകരും ജന്മവാർഷികം വിപുലമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. ഷേക്‌സ്‌പിയർ കൃതി ഇന്ത്യയിൽ ആദ്യമായി ചലച്ചിതമാക്കിയത് ബൽറാം മട്ടനൂരിന്റെ രചനയിലൂടെയായിരുന്നു. 'ഒഥല്ലോ'യുടെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു കളിയാട്ടം. പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുമെന്ന് ബൽറാം മട്ടന്നൂർ പറഞ്ഞു. അഷ്‌ക്കർ ബാബുവാണ് നിർമ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രാെഡ്യുസർ രഞ്ജിത് ശ്രീധരൻ, ലൈൻ പ്രൊഡ്യൂസർ പ്രശോഭ് പ്രകാശ്. കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല സിനിമയുടെ ഗാനം രചിക്കും.
ജൂണിൽ ഫോർട്ടുകൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ ഫോർട്ടുകൊച്ചിയിലെ ജീവിതം,ഭാഷ,സംസ്‌കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്. മോസ്‌ക്കോയിലെയും സെന്റ് പീറ്റേർസ് ബർഗിലെയും മലയാളികളായ സുഹൃത്തുക്കളും സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയിൽ നിന്ന് ദസേ്‌തെവ്‌സ്‌ക്കിക്കുള്ള ആദരവായിരിക്കുമെന്ന് ബൽറാം മട്ടന്നൂർ പറഞ്ഞു. 2021 കാലഘട്ടത്തിൽ ഫോർട്ടുകൊച്ചിയിൽ സംഭവിക്കുന്നതായാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഫോർട്ടുകൊച്ചിയുടെ ജീവിതം, സംസ്കാരം, ഭാഷ എന്നിവയെല്ലാം കോർത്തിണക്കി നോവലിലെ നായകൻ റാസ്‌കൽനിക്കോവിനെ ലാസർ ഡിക്രൂസാക്കി മാറ്റുകയാണ് സിനിമയിൽ.
താരനിർണയം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.