കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വാരാഘോഷം ഇത്തവണ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കും. ഈമാസം 19 മുതൽ 25 വരെ നടക്കുന്ന പരിപാടകളിൽ 'സ്ഫിയർ ഹെഡിംഗ് റെസ്‌പോൺസിബിൾ മാനേജ്‌മെന്റ് ' എന്നതാണ് ചർച്ചാവിഷയം. മാനേജ്‌മെന്റ് വാരാഘോഷം 19 ന് വൈകിട്ട് 6 ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും ജെ.കെ. പേപ്പർ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഹർഷ് പതി സിംഘാനിയ മുഖ്യാതിത്ഥിയാകും. ഡയറക്ടർ ജനറൽ രേഖ സേത്തി വിശിഷ്ടാതിത്ഥിയാകും.
20, 21 തീയതികളിൽ കെ.എം.എ വെർച്യുൽ സോളോ റൺ നടക്കും. വ്യക്തികളുടെ ആരോഗ്യം മാനേജ്‌മെന്റിന്റെ പ്രഥമ ഉത്തരവാദിത്വം എന്നാണ് വിഷയം. 23 ന് സ്റ്റുഡന്റ് മാനേജ്‌മെന്റ് കൺവൻഷനിൽ വ്യാസ സർവകലാശാല ഉപദേശകൻ പ്രൊഫ. കെ. സുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ മുഖ്യപ്രഭാഷണം നടത്തും. ചർച്ചയിൽ അതുൽ ശർമ്മ, നീതു ബൻസാൽ, വി. പട്ടാഭിറാം, റോബിൻ ടോമി എന്നിവർ സംസാരിക്കും.
വൈകിട്ട് 7 ന് സമാപന ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥിയാകും. 24 ന് വൈകിട്ട് നടക്കുന്ന പ്രൊഫ. എം.വി. പൈലി സ്മാരക പ്രഭാഷണത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡി. ശിവകുമാർ മുഖ്യാതിഥിയാകും. 25 ന് വൈകിട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് കൺട്രി മാനേജിംഗ് ഡയറക്ടർ അജയ് പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. വേൾഡ് ബാങ്ക് പ്രതിനിധി ഡോ. ബാലമേനോൻ മുഖ്യപ്രഭാഷണം നടത്തും.