kayaking
ചെറായി പുഴയിലൂടെ നടത്തിയ കയാക്കിംഗ്

വൈപ്പിൻ: കൊച്ചി കോട്ടപ്പുറം കായലിൽ കയാക്കുകളിലൂടെ ഉല്ലാസയാത്ര നടത്തിയും കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വാരിയെടുത്ത് കരയിലെത്തിച്ചും വിദേശികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ നൂറിൽപ്പരം ജലയാത്രികർ നാടിന് കൗതുകമായി. ഇരുപത് വനിതകൾ ഉൾപ്പെടെയുള്ളവർ ഒമ്പത് ടീമുകളായി തിരിഞ്ഞായിരുന്നു യാത്ര. പുഴയെ അറിയാനും ഉല്ലസിക്കാനുമായിരുന്നു രണ്ട് ദിവസത്തെ ജലയാത്ര. കയാക്കുകൾക്ക് പുറമെ പായകപ്പൽ , സ്റ്റാൻഡ് അപ്പ് പാഡിൽ എന്നിവയും യാത്രയിലുണ്ടായിരുന്നു.

കോട്ടപ്പുറം പുരാതന ,മാർക്കറ്റിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക സ്മാരകങ്ങൾ സന്ദർശിച്ചായിരുന്നു യാത്ര. ഭാഷാഭേദങ്ങളെല്ലാം യാത്രക്ക് തടസമായില്ല. ഉച്ചയോടെ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം സന്ദർശിച്ചതിന് ശേഷം വീരൻപുഴയിലൂടെ യാത്ര തുടർന്ന് വൈപ്പിൻ തീരങ്ങൾ കണ്ടാസ്വദിച്ച് വൈകീട്ടോടെ ഏഴിക്കരയിലെത്തി ക്യാമ്പ് ചെയ്തു.

കയാക്കിംഗ് പുനരാരംഭിച്ച് കൊച്ചി കായലിലൂടെ നീങ്ങി വൈകീട്ടോടെ ബോൾഗാട്ടി പാലസിൽ സമാപിക്കും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്, സംസ്ഥാന ടൂറിസം വകുപ്പ് , ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച നാലാമത് കയാക്കിംഗിന് മുസിരിസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ പി. എം. നൗഷാദ് , മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് ജനറൽ മാനേജർ എ.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നല്കി.