campus-front

കൊച്ചി : കള്ളപ്പണക്കേസിൽ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന് കോടതി ജാമ്യം അനുവദിച്ചു. റൗഫിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ പണം ഏതെങ്കിലും കുറ്റകൃത്യത്തിലൂടെ ലഭിച്ചതാണെന്ന് വ്യക്തമാക്കാൻ ഇ ഡിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.

അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. റൗഫിന്റെ കസ്റ്റഡി ലക്നൗ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന ഇ ഡിയുടെ അപേക്ഷയും കോടതി തള്ളി. ഡിസംബർ 12 നാണ് റൗഫ് ഷെരീഫിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കാമ്പസ് ഫ്രണ്ട് എന്ന സംഘനടയ്ക്ക് റൗഫിന്റെ അക്കൗണ്ടിലൂടെ രണ്ടു കോടിയിലേറെ രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച തുകയാണിതെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. എന്നാൽ വിദേശത്തു കമ്മിഷൻ ഏജന്റായി ജോലി ചെയ്യുന്ന തനിക്ക് ബിസിനസിലൂടെ ലഭിച്ച പണമാണിതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാനിട്ടൈസറും മാസ്കും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ബിസിനസിന്റെ ഭാഗമാണ് പണമെന്നും വ്യക്തമാക്കിയിരുന്നു.

യു.പിയിലെ ഹാഥ്‌രാസിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവമറിഞ്ഞ് ഇവിടേക്കു പോയ കാമ്പസ് ഫ്രണ്ട് ട്രഷററായ അതീക്വർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം, മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ എന്നിവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപമുണ്ടാക്കാനാണ് ഇവർ വന്നതെന്നാരോപിച്ച് യു.എ.പി.എ പ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം നൽകിയത് റൗഫാണെന്ന് കണ്ടെത്തിയാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്