stand
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പുരോഗമിക്കുന്നു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിനു കീഴിലുള്ള കോലഞ്ചേരിയിലെ ടാക്‌സി സ്​റ്റാൻഡിന്റെ പുനർ നിർമ്മാണം തുടങ്ങി. അവധി ദിവസങ്ങൾ മുന്നിൽക്കണ്ട് തുടങ്ങിയ നിർമ്മാണം ഇന്ന് പൂർത്തിയാക്കും വിധമാണ് പണികൾ മുന്നേറുന്നത്. നിർമ്മാണത്തിന് തടസമായി വന്നേക്കാവുന്ന കോടതി നടപടികൾ മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു നീക്കത്തിന് പഞ്ചായത്ത് തയ്യാറായത്. മേഖലയിലെ ഇടതു, വലതു രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയാണ് നിർമ്മാണം തുടങ്ങിയത്. കോലഞ്ചേരി പള്ളി വികാരി, ട്രസ്റ്റിമാരടക്കം ഭാരവാഹികളും, പ്രവർത്തകരും നിർമ്മാണം തടസപ്പെടുത്താൻ എത്തിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസുൾപ്പടെ പഞ്ചായത്തംഗങ്ങൾ പ്രവർത്തകർക്ക് പ്രതിരോധം തീർത്തതോടെ അവർ പ്രതിഷേധിച്ചു മടങ്ങി.ഒാപ്പണെയർ സ്റ്റേഡിയമടക്കം നിർമ്മിക്കാനായി ത്രിതല തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ടൗണിൽ വർഷങ്ങളായുള്ള സ്​റ്റാൻഡ് പൊളിച്ചുനീക്കിയത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയതോടെ പൂതൃക്ക പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഫണ്ടുപയോഗിച്ചും, പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചും,സ്​റ്റാൻഡ് പുനർ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നറിയിപ്പില്ലാതെ നിർത്തി വച്ചത് വിവാദങ്ങൾക്കിട നല്കയതിനു പിന്നാലെയാണ് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി പഞ്ചായത്ത് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അതിനിടെ സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള സ്റ്റാൻഡ് പൊളിച്ചു മാറ്റിയത് സഭാ തർക്കത്തിലേയ്ക്കും വഴിവെച്ചിരുന്നു. കോലഞ്ചേരിയുടെ ശില്പി എന്നറിയപ്പെടുന്ന പി.എം.പൈലിപ്പിള്ളയുടെ നാമധേയത്തിലാണ് സ്​റ്റാൻഡ് അറിയപ്പെട്ടിരുന്നത്. ഇവിടെ 1978 പൈലിപ്പിള്ളിയുടെ നാമധേയത്തിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതാണ് പ്രശ്‌നം സഭാ തർക്ക വഴിയിലേയ്ക്ക് നീങ്ങിയത്. ഏറെ നാൾ സഭ തർക്കത്തിൽ കിടന്ന സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളുമുയി ബന്ധപ്പെട്ട് റോഡിന് വീതി കൂട്ടി നിർമ്മിക്കുന്നതിന്റെ മറവിൽ സ്​റ്റാൻഡ് പൊളിച്ചു നീക്കിയെന്നായിരുന്നു ആരോപണം.സ്റ്റാൻഡ് നിന്നത് സ്‌കൂളിന്റെ വക സ്ഥലത്താണെന്നും താത്കാലീകമായി സ്​റ്റാൻഡു നിർമ്മാണത്തിന് നേരത്തെ വിട്ടു നല്കിയിരുന്നതാണെന്നും സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പുനർ നിർമ്മാണം നടത്താത്തതെന്നുമായിരുന്നു ആരോപണം. ഈ ടാക്‌സി സ്​റ്റാൻഡിന്റെ അകത്താണ് പൊലീസ് എയ്ഡ് പോസ്​റ്റ്, ഇരു ചക്രവാഹന പാർക്കിംഗ്, ജീപ്പ് സ്​റ്റാൻഡ് , യാത്രക്കാരുടെ ബസ് കാത്തിരുപ്പ് കേന്ദ്രം എന്നിവ പ്രവർത്തിച്ചിരുന്നത്. ഇതെല്ലാം നില നിർത്തികൊണ്ടു തന്നെയാണ് പുനർനിർമ്മാണം പൂർത്തിയാക്കുന്നത്.

സ്ഥലം വിട്ടു നല്കുന്നതിൽ പള്ളിയ്ക്ക് എതിർപ്പില്ല

പള്ളി വക സ്ഥലം കൈയ്യേറിയാണ് നിർമ്മാണം. റോഡ് വികസനങ്ങൾക്കായി സ്ഥലം വിട്ടു നല്കുന്നതിൽ പള്ളിയ്ക്ക് എതിർപ്പില്ല, സ്കൂളിന്റെ പ്രവർത്തനം തടസപ്പെടും വിധം പുനർനിർമ്മാണം നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കും.

ഫാ.സി.എം.കുര്യാക്കോസ്, കോലഞ്ചേരി പള്ളി