malinyam
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡിൽ മുപ്പത്തടം കെ.എസ്.ഇ.ബി റോഡിലെ മാലിന്യം നീക്കുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങൾ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നീക്കംചെയ്യുന്നു. മുപ്പത്തടം 16-ാം വാർഡിൽ 'മാലിന്യ മുക്ത വാർഡ് പദ്ധതി'ക്ക് മുന്നോടിയായി കെ.എസ്.ഇ.ബി റോഡിലെ മാലിന്യം നീക്കി. മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ടി.കെ. ഷാജഹാൻ മാലിന്യ നീക്കം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, വാർഡ് വികസന സമിതി അംഗങ്ങളായ എ.കെ. ശിവൻ, പി.കെ. മനോഹരൻ എന്നിവർ നേതൃത്വം നൽകി. മുപ്പത്തടം ഓഞ്ഞിത്തോടിന് സമീപം വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നയിടം കഴിഞ്ഞയാഴ്ച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന്റെയും പ്രതിപക്ഷ നേതാവ് വി.കെ. ശിവന്റെയും നേതൃത്വത്തിലാണ് നീക്കം ചെയ്തത്. പിന്നാലെ പല വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ മാലിന്യം നീക്കി.

ഹയർസെക്കൻഡറി സ്‌കൂൾ റോഡിലെ മാലിന്യവും നീക്കി. കൂടാതെ സ്‌കൂളിന് സമീപമുള്ള ആലിങ്കൽ, പൊന്നാരം റോഡുകളും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. അതേസമയം, ജെ.സി.ബി ഉപയോഗിച്ചുള്ള മാലിന്യം നീക്കൽ ഇന്ന് പുനരാരംഭിക്കാനിരിക്കെ വൃത്തിയാക്കിയ പ്രദേശത്ത് വീണ്ടും മാലിന്യം തള്ളിയത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.

''മാലിന്യം നീക്കിയതിന് പുറമെ സൗന്ദര്യവത്ക്കരണം നടപ്പാക്കി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയാണ് ലക്ഷ്യ"- കെ.എൻ. രാജീവ് ,വാർഡ് മെമ്പർ