
കൊച്ചി: ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അന്വേഷണ വിധേയമായി ഇന്നലെ സസ്‌പെൻഡ് ചെയ്‌തു. ഇതോടെ സംഭവത്തിൽ സസ്‌പെൻഷനിലായവരുടെ എണ്ണം അഞ്ചായി.
കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ ഷിബു ചെറിയാൻ, കളമശേരി സ്റ്റേഷൻ സി.പി.ഒ സിൽജൻ, തൃപ്പൂണിത്തുറ സ്റ്റേഷനിലെ സി.പി.ഒ ദിലീപ് സദാനന്ദൻ എന്നിവരെ സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജുവും, മൂവാറ്റുപുഴ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ എ.എസ്.ഐ ജോസ് ആന്റണി എന്നിവരെ റൂറർ ജില്ല പൊലീസ് സൂപ്രണ്ടുമാണ് സസ്‌പെൻഡ് ചെയ്‌തത്. അഞ്ചു പേരും സേനയുടെ അച്ചടക്കം ലംഘിച്ച് രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുമ്പ് പൊലീസ് അസോസിയേഷനിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇവർ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പ്രതിപക്ഷനേതാവിനെ സന്ദർശിച്ചത്. സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. കാബിനറ്റ് പദവിയുള്ള തന്നെ പൊലീസുകാർ സന്ദർശിക്കുന്നത് നിയമവിരുദ്ധമല്ല. പ്രതിപക്ഷനേതാവിനെ സന്ദർശിക്കുന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയാണെങ്കിൽ തന്റെ സുരക്ഷാ ചുമതലയുള്ളവർക്കെതിരെയും നടപടി സ്വീകരിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമല: ചെന്നിത്തലയുടെ വിശദീകരണത്തിൽ സന്തോഷമെന്ന് എൻ.എസ്.എസ്
കോട്ടയം: വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനോട് എൻ.എസ്.എസ് ഉയർത്തിയ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നൽകിയ വിശദീകരണത്തിൽ സന്തോഷമുണ്ടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.വിൻസന്റ് എം.എൽ.എ സ്പീക്കറോട് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ സർക്കാരുമായി ആലോചിച്ച് ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ ബിൽ അവതരണത്തിന് അനുമതി തേടിയത്. അവിടെയും അവതരണാനുമതി ലഭിക്കാതെ വന്നപ്പോൾ വിൻസന്റ് നിയമസഭയിൽ ബിൽ കൊണ്ടുവരാൻ വീണ്ടും ശ്രമിച്ചെങ്കിലും അവതരണാനുമതി ലഭിച്ചില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. വിശ്വാസസംരക്ഷണത്തിന് യു.ഡി.എഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതിൽ സന്തോഷമുണ്ട്. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട എൻ.എസ്.എസ് നിലപാടുകളെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.