കൊച്ചി: സമൂഹത്തെ ഭാവിയിൽ നയിക്കേണ്ട വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷണൻ പറഞ്ഞു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടിയിലുള്ള സോണൽ എക്‌സൈസ് കോംപ്ലക്‌സിൽ നിർമിച്ച വിമുക്തി ത്രി ഡി ഡിജിറ്റൽ തിയറ്ററിന്റെയും 'ജീവിതം തന്നെ ലഹരി' എന്ന വീഡിയോ ആൽബത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌

പൊതുസമൂഹം ഇത്തരക്കാർക്കെതിരെ കണ്ണും കാതും തുറന്നിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലഹരി സംബന്ധമായ കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒരാൾ ലഹരിക്ക് അടിമപ്പെട്ടാൽ അത് സമൂഹത്തെക്കൂടിയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ലഹരിക്കെതിരായ പൊലീസിന്റെയും എക്‌സൈസിന്റെയും പ്രവർത്തനങ്ങളിൽ സമൂഹം ഒന്നടങ്കം പങ്കാളികളാകണം.

നിലവിൽ 4,842 സ്‌കൂളുകളിലും 899 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബുകളും തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ ലഹരി മുക്ത സേനയും പ്രവർത്തിക്കുന്നുണ്ട്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനകൾ കർശനമാക്കിയതിന്റെ ഫലമായി 27,270 എൻ.ഡി.പി.എസ് കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റർ ചെയ്തത്. പുറമേ 77,000 ൽ അധികം അബ്കാരി കേസുകളുമെടുത്തു.

190 കിലോ ഹാഷിഷ്, 32 കിലോ എംഡിഎംഎ, 14 കിലോ ചരസ്, 10,233 കിലോ കഞ്ചാവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് വിമുക്തി മിഷന്റെ ബാനറിൽ സംസ്ഥാന എക്‌സൈസ് വകുപ്പ് നിർമിച്ച 'ജീവിതം തന്നെ ലഹരി' എന്ന വീഡിയോ ആൽബത്തിന്റെ സി.ഡി ടി.ജെ. വിനോദ് എം.എൽ.എക്ക് കൈമാറി മന്ത്രി പുറത്തിറക്കി. ആൽബത്തിന്റെ പ്രദർശനവും ചടങ്ങിൽ നടന്നു. വിഡിയോ ആൽബത്തിന്റെ അണിയറ പ്രവർത്തകരെ മന്ത്രി മെമന്റോ നൽകി ആദരിച്ചു.

വിമുക്തി മിഷന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ മികവ് കാട്ടി ഒന്നാംസ്ഥാനം നേടിയ എക്‌സൈസ് പാലക്കാട്, രണ്ടാംസ്ഥാനം കരസ്ഥമാക്കിയ എറണാകുളം യൂണിറ്റുകൾക്കും അവാർഡുകൾ വിതരണം ചെയ്തു. മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ. സുരേഷ് ബാബു, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.