maharajas

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ മോടിക്കൂട്ടി മഹാരാജാസ് കോളേജ്. കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെയും ലൈബ്രറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നാളെ നടക്കും. ഒപ്പം പുതിയതായി നി‌ർ‌മ്മിക്കുന്ന ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഏഴു കോടി 23 ലക്ഷം രൂപ ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചത്. 2568 സ്‌ക്വയർ മീറ്ററാണ് ആകെ വിസ്തീർണം. മൂന്ന് നിലകളിലായാണ് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. പ്ലാൻ ഫണ്ടിൽ നിന്ന് തന്നെ 10.6 കോടി ചെലവിട്ടാതെ ലൈബ്രറി കോംപ്ലക്‌സ് നിർമ്മിച്ചത്.4096.88 സ്‌ക്വയർ മീറ്റർ വിസ്തീർണമുണ്ട്. മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി മന്ദിരം തുറക്കുമ്പോൾ ഡിപ്പാർട്ടുമെന്റ് ലൈബ്രറികളെല്ലാം ഇവിടേക്ക് മാറും. ശാരീരിക വൈകല്യമുള്ളവർക്കും റിസേർച്ച് സ്‌കോളേഴ്‌സിനുമെല്ലാം പ്രത്യേക ബ്ലോക്കുണ്ടാകും. കിറ്റ്‌കോയ്ക്കായിരുന്നു നിർമ്മാണ ചുമതല.
16 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ.കെ .ടി.ജലീൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, ശ്രീ. ഹൈബി ഈഡൻ എം.പി., ശ്രീ.ടി.ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.


ആധുനിക ആഡിറ്റോറിയം

3875.65 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് പുതിയ ആഡിറ്റോറിയം നിർമ്മിക്കുന്നത്. നിലവിലുള്ള സെന്റിനറി ആഡിറ്റോറിയം പൊളിച്ച് നീക്കും. 46 വർഷം പഴക്കമുള്ള കെട്ടിടം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. കാമ്പസിലെ നിലവിലെ നിർമ്മാണങ്ങൾക്ക് യോജിച്ച രീതിയിൽ 3 നിലകളിലായാണ് പുതിയ ആഡിറ്റോറിയം. വിശിഷ്ടാതിത്ഥികൾക്ക് പ്രവേശിക്കുന്നതിന് പ്രത്യേക കവാടം, ലിഫ്റ്റ് സൗകര്യം, ഓപ്പൺ എയർ ആംഫി തീയറ്റർ എന്നിവയുണ്ടാകും. ഹാളിൽ 700 പേരും ബാൽക്കണിയിൽ 350 പേരുമടക്കം 1050 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ എടുത്തിരിക്കുന്നത്. 18 മാസം കൊണ്ട് പൂർത്തീകരിക്കും.

ധനമന്ത്രിയുടെ ശ്രമത്തിന്റെ ഫലം

പുതിയ ക്ലാസ് റൂമുകൾ എത്തുന്നതോടെ ജിയോളജി, ആർക്കിയോളജി കോഴ്‌സുകൾ ആരംഭിച്ചപ്പോഴുണ്ടായ കുറവ് പരിഹരിക്കപ്പെടും. പദ്ധതികൾക്ക് അനുമതി നൽകുന്നതിലും വേഗത്തിലാക്കുന്നതിലും പൂർവ്വ വിദ്യാർത്ഥികൂടിയായ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ആത്മാർത്ഥ പരിശ്രമം വിസ്മരിക്കാൻ കഴിയില്ല.

ഡോ.എൻ.രമാകാന്തൻ
ചെയർമാൻ
ഗവേണിംഗ് കൗൺസിൽ