പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ രൂക്ഷമായ കാട്ടുപന്നി ശല്യം തടയാൻ പദ്ധതികളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. വിഷയത്തിന്റെ പ്രാധാന്യം ഉൾകൊണ്ടു അഭയാരണ്യം പദ്ധതി പ്രദേശത്തെ ജനവാസ മേഖലയോട് ചേർന്ന വനത്തിലെ അടിക്കാടുകൾ ജനങ്ങളെ സംഘടിപ്പിച്ച് സേവനാടിസ്ഥാനത്തിൽ വെട്ടി മാറ്റുന്നതിന് തീരുമാനിച്ചു. ഈ മേഖലയിലെ തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗം ഉടൻ വിളിച്ച് ചേർത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തികൾ വനമേഖലയിൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും തീരുമാനമെടുത്തു. അഭയാരണ്യത്തിന്റെ അതിർത്തി പ്രദേശത്ത് ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഫെൻസിംഗ് നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന് സമർപ്പിക്കും.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡി.എഫ്.ഒ രവികുമാർമീണ, കാലടി പ്രകൃതി പഠന കേന്ദ്രം എ.സി.എഫ്. കെ.എസ്. സാജു, കോടനാട് റെയിഞ്ച് ഓഫീസർ ധനിക് ലാൽ, കാലടി റെയിഞ്ച് ഓഫീസർ അശോക് രാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടത്തിയത്.
കാർഷിക വിള കാട്ടുപന്നി നശിപ്പിച്ചതു മൂലം കർഷകർ അനുഭവിക്കുന്ന ദുരിതം വിവരിച്ച്
കേരളാകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് യോഗം വിളിച്ചു ചേർത്തത്.
ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ്, പഞ്ചായത്തംഗങ്ങളായ മായ കൃഷ്ണകുമാർ, സിനി എൽദോ, എം. നവ്യ, സാംസൺ ജേക്കബ്, മുൻബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, കെ.സി. വർഗീസ്, ബേബി, തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട പരിഹാരം
കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നിയമ വിധേയമായി നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ 5,6,7, വാർഡുകളിലെ കാട്ടുപന്നി ശല്യം തടയണമെന്ന കർഷകരുടെ നിരന്തര ആവശ്യത്തെ കുറിച്ച് ചർച്ച ചെയ്യാനും, അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നത്.