കൊച്ചി: അമേരിക്കൻ സ്ഥാപനമായ ഇ.എം.സി.സിയും സംസ്ഥാന സർക്കാർ സ്ഥാപനമായ എസ്.ഐ.എൻ.സിയും തമ്മിലുള്ള കരാർ റദ്ദുചെയ്യണമെന്ന് മത്സ്യമേഖലയിലെ വിദഗ്ദ്ധരും തൊഴിലാളികളും പങ്കെടുത്ത വെബിനാർ ആവശ്യപ്പെട്ടു. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംഘടിപ്പിച്ച അറബിക്കടലിലെ അമേരിക്കൻ മോഡൽ എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലാണ് ആവശ്യം ഉയർന്നത്. മത്സ്യമേഖലയിൽ 5000 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ കമ്പനി മുന്നോട്ടുവരികയും 400 ആഴക്കടൽ യാനങ്ങൾ കെ.എസ്.ഐ.എൻ.സിയുമായി കരാർ ഒപ്പുവയ്ക്കുകയും ആദ്യപടിയായ 2950 കോടി നിക്ഷേപം പ്രഖ്യാപിക്കുകയുംചെയ്ത സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്. ചാൾസ് ജോർജ് മോഡറേറ്ററായിരുന്നു. കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രോ- വൈസ് ചാൻസലർ ഡോ. ബി മധുസൂദനക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. സി.എം.എഫ്.ആർ.ഐ. മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ്, നുവാൽസ് നിയമവിഭാഗം മേധാവി ഡോ. ജേക്കബ് ജോസഫ്, ഡോ. യൂജിൻ പെരേര, ഡോ. കെ.കെ. ബൈജു, ആർ. പ്രസാദ്, കുമ്പളം രാജപ്പൻ എന്നിവർ പങ്കെടുത്തു.