
(യോഗനാദം ഫെബ്രുവരി 15ാം ലക്കം എഡിറ്റോറിയൽ
സർക്കാർ ജോലി എക്കാലത്തും നമ്മുടെ യുവതീ യുവാക്കളുടെ സ്വപ്നമാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാസമ്പന്നരാണ് ഉൗണുറക്കം ഉപേക്ഷിച്ച് വർഷങ്ങളോളം പഠിച്ച് പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടം തേടി അപ്പോയ്മെന്റ് ഓർഡറിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. ദശലക്ഷങ്ങൾ എഴുതുന്ന പരീക്ഷയിൽ നിന്ന് ഏതാനും ആയിരങ്ങൾ മാത്രമാണ് റാങ്ക് ലിസ്റ്റുകളിൽ കയറിപ്പറ്റുന്നത്. അതിൽ നിന്നും ജോലി ലഭിക്കുന്നതാകട്ടെ ചെറിയൊരു ശതമാനത്തിന് മാത്രവും. അതിനും വർഷങ്ങളെടുക്കും. അതിനിടെ ചില റാങ്ക് ലിസ്റ്റുകൾ ഒരാളെപ്പോലും നിയമിക്കാതെ കാലഹരണപ്പെട്ടുപോകുന്നുമുണ്ട്.
പ്രതീക്ഷകളുടെ ചിറകിലേറുന്നവരാണ് റാങ്ക് ഹോൾഡർമാർ. നൂറുകണക്കിന് റാങ്ക് ലിസ്റ്റുകളിലായി ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിക്കായി വേഴാമ്പലിനെപ്പോലെ കഴിയുന്നു. അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും ജീവിതപങ്കാളിയുടെയും കുഞ്ഞുങ്ങളുടെയും പ്രതീക്ഷകളുടെ ഭാരവുമായാണ് അവരുടെ ജീവിതം. ദയനീയമായ കാര്യമെന്തെന്നാൽ റാങ്ക് ലിസ്റ്റുകളിലെ നല്ലൊരുഭാഗവും പാവപ്പെട്ട കുടുംബങ്ങളിലെ സമർത്ഥരായ യുവാക്കളാണെന്നതാണ്. ഈ ലിസ്റ്റുകളിലെ സമ്പന്നകുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി കിട്ടിയില്ലെങ്കിലും മറ്റു മാർഗങ്ങളുണ്ടാകാം. പക്ഷേ സാധുക്കളായവരുടെയും കുടുംബങ്ങളുടെയും ഏക പ്രതീക്ഷയാണ് സർക്കാർ ജോലി. ആ പ്രതീക്ഷകളിൽ കരിനിഴൽ വീഴുമ്പോൾ അവർ പ്രതികരിക്കുന്നത് നിരാശയുടെ കണ്ണീരുപ്പുമായാകും. അതിൽ പക്വതയും പാകതയുമൊന്നും ഉണ്ടായില്ലെന്ന് വരും. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിയമനം ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടുമുള്ള റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തുന്നത് ആശങ്കകളുടെ, നിരാശയുടെ, പ്രതിഷേധത്തിന്റെ പുകയുന്ന നെഞ്ചുമായാണ്.
മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് തലസ്ഥാനത്ത്. വിശന്നുവലഞ്ഞവനെ അന്നംകൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചിരുത്തിയ ശേഷം വേറെ പന്തിയിൽ വിളമ്പുന്ന പണിയാണ് താൽക്കാലികക്കാർക്ക് തിരക്കിട്ട് സ്ഥിരനിയമനം നൽകുന്നത് കാണുമ്പോൾ തോന്നുന്നത്. ഇത് ഒഴിവാക്കേണ്ടതായിരുന്നു.
പതിറ്റാണ്ടുകളായി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ചെറിയ ശമ്പളത്തിന് താൽക്കാലിക ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പേരുണ്ട്. ഇവരുടെ പിന്നിലും ജീവിതങ്ങളും ജീവിതപ്രാരാബ്ദങ്ങളുമുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷത്തെയും വിവിധ സർക്കാരുകൾ പലപ്പോഴായി പല താല്പര്യങ്ങളുടെ പേരിൽ
തിരുകിക്കയറ്റിയവരാണെന്നതും സത്യമാണ്. എങ്കിലും കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകാനായി പതിറ്റാണ്ടുകൾ ജോലി ചെയ്ത എംപാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പിരിച്ച് വിട്ടപ്പോൾ വീണ കണ്ണീരിന്റെ കഥകൾ ഏവരുടെയും കരളലിയിപ്പിച്ചതാണ്. സമാനമായ അവസ്ഥ തന്നെയാണ് ഇവിടെയും ഉണ്ടാവുക.
താൽക്കാലിക നിയമനങ്ങളിൽ ഭൂരിഭാഗവും സംവരണ തത്വങ്ങളോ യോഗ്യതയോ ഒന്നും നോക്കാതെ സ്വാധീനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബലത്തിൽ നടന്നതാണെന്നതിൽ സംശയമില്ല. തങ്ങളുടെ ചെറിയ ജീവിതം കെട്ടിപ്പടുത്തു കഴിഞ്ഞു അവരും. അവരെ ഇറക്കിവിട്ടാലും കണ്ണീർക്കഥകളുടെ പരമ്പരകൾ തന്നെയുണ്ടാകും. ആരാണ് ഈ പാളിച്ചകൾക്കൊക്കെ ഉത്തരവാദികളെന്ന് കണ്ടെത്താൻ നടന്നിട്ട് കാര്യമില്ല. ഇപ്പോഴുള്ള പ്രശ്നം എത്രയും വേഗം എത്രയും മാന്യമായി പരിഹരിക്കുന്നതിലാണ് കാര്യം. എല്ലാ താൽക്കാലിക ജീവനക്കാരെയും ഒറ്റയടിക്ക് നിയമനം നൽകി പരിഹരിക്കേണ്ട അത്യാവശ്യമൊന്നും ഇവിടെയില്ല. അവർക്ക് നാളെ ജോലി നഷ്ടമൊന്നും ഉണ്ടാകുന്നുമില്ലല്ലോ.
എല്ലാ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉടനെ നിയമനം നടത്തുകയും പ്രായോഗികമല്ല. കാലഹരണപ്പെട്ട പൊലീസ് സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. കാലാവധി തീരാറായ റാങ്കുലിസ്റ്റുകളിൽ നിന്ന് പറ്റാവുന്നത്ര നിയമനം നടത്തണം. കാലപരിധിയിൽ നിന്ന് കൊവിഡ് കാലം ഇളവു ചെയ്യണം. താൽക്കാലിക നിയമനങ്ങൾക്ക് നൽകുന്ന പ്രാമുഖ്യം റാങ്ക് ലിസ്റ്റിനും നൽകണം.
നാൾ ചെല്ലുംതോറും സർക്കാർ ജോലിയുടെ എണ്ണം കുറഞ്ഞു വരികയേയുള്ളൂ. ഇ ഗവേണൻസിന്റെ കാലത്ത് ഇനി പഴയപോലെ തസ്തികകളൊന്നും വേണ്ടിവരില്ല. പുതിയ ലോകത്ത് പുതിയ ജോലി സാദ്ധ്യതകളും ഉദയം ചെയ്യും. സർക്കാർ ജോലിയെന്ന സ്വപ്നം വരും തലമുറകൾക്ക് അന്യമാകാനാണിട. അതുവരേയ്ക്കും സർക്കാർ നിയമനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി നടത്തുകയാണ് വേണ്ടത്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെയും പി.എസ്.സി വഴിയും മാത്രം നിയമനമെന്ന കർക്കശ നിലപാടെടുക്കണം. നിയമനപ്രക്രിയക്ക് മൂന്നോ ആറോ മാസം കാലപരിധി നിശ്ചയിക്കണം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവാക്കളുമായി സർക്കാർ നേരിട്ട് ചർച്ചകൾക്ക് തയ്യാറാകണം. അടിയന്തരമായി ഒത്തുതീർപ്പുണ്ടാക്കണം. മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈയെടുക്കണം. അവർ നമ്മുടെ കുഞ്ഞുങ്ങളാണ്. പഠിച്ച് പാസായവരാണ്. അവരെ വിഷമിപ്പിക്കരുത്...