മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.പി. എൽദോസ് സ്വാഗതം പറയും. മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണത്തിന് 6.50കോടി രൂപയാണ് അനുവദിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പൂർത്തീകരണത്തിനായി 1.54കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായി വന്നു. ലിഫ്റ്റ് നിർമ്മാണത്തിന് 60ലക്ഷം രൂപയും ഫയർവർക്കിന് 76ലക്ഷം രൂപ ആരോഗ്യവകുപ്പിൽനിന്നും മെഡിക്കൽ സ്റ്റോർറൂം സജ്ജീകരിക്കുന്നതിനായി എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്നും 13ലക്ഷം രൂപയും ഓഫീസുകളുടെ സജ്ജീകരണത്തിന് നഗരസഭയിൽനിന്നും അനുവദിച്ച 5ലക്ഷം രൂപയും ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
നാല് നിലകളിലായി നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ഒന്നാംനിലയിൽ ഓങ്കോളജി വിഭാഗത്തിന്റെ ഒ.പി, കീമോ തെറാപ്പി സെന്റർ, സെൻട്രൽ മെഡിക്കൽ സ്റ്റോറും രണ്ടാംനിലയിൽ ഓഫീസ്, സൂപ്രണ്ട് ഓഫീസ്, ആർ.എം.ഒ.ഓഫീസ്, വീഡിയോ കോൺഫറൻസ് റൂം എന്നിവയും മൂന്നാംനിലയിൽ മെഡിക്കൽ റെക്കാഡ് ലൈബ്രറിയും പാലിയേറ്റീവ് ഓഫീസും ദന്തൽ വിഭാഗവും നാലാംനിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നതെന്നും കഴിഞ്ഞ 52 മാസത്തിനിടയിൽ ആശുപത്രിയിൽ 20 കോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അനുവദിപ്പിച്ചതായും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.