
തൃപ്പൂണിത്തുറ: അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം മൂലം ജനജീവിതം വഴിമുട്ടിയെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.എ.എ അൻഷാദ് പറഞ്ഞു. ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതി തുടർന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. ബസ് യാത്രക്കൂലിയടക്കം വർദ്ധിക്കും. യു.പി.എ സർക്കാരാണ് ഇന്ധന വില നിർണയിക്കാൻ എണ്ണ കമ്പനികൾക്ക് അനുമതി നൽകിയത്. എന്നാൽ മോഡി സർക്കാർ എല്ലാം സ്വകാര്യ കമ്പനികൾക്ക് വിറ്റ് തുലക്കുകയാണ്. രാജ്യത്തെ ലക്ഷം കോടി ലാഭമുള്ള പൊതുമേഖല സ്ഥാപനമായ ബി..പി.സി .എൽ സ്വകാര്യ കുത്തക മുതലാളിയായ അദാനിക്ക് അടിയറ വയ്ക്കുന്നു. ഇതിൽ നിന്നെല്ലാം കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അൻഷാദ് പറഞ്ഞു.
ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹിൽ പാലസിനു മുന്നിൽ പ്രതിഷേധ സമരത്തിൽ പ്രധാനമന്തരിയുടെ കോലം കത്തിച്ചു. കരിങ്കൊടി കാണിക്കുന്നതിനാൽ കറുത്ത നിറത്തിലെ ഹൈഡ്രജൻ ബലൂണുകളുമായാണ് പ്രവർത്തകർ എത്തിയത്. ഇത് ആകാശത്തേക്ക് പറത്തിയും പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.