മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മാറാടി സ്മാർട്ട് വില്ലേജ് ഓഫീന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നിയോജക മണ്ഡലത്തിലെ നാലാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് മാറാടി വില്ലേജ് ഓഫീസ്.45ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയിലെയും മാറാടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് മാറാടി വില്ലേജ് ഓഫീസ്. മൂവാറ്റുപുഴ പി.ഒ.ജംഗ്ഷനിൽ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് ഏറ്റവും കൂടുതൽ പ്രളയ ദുരന്തം നേരിടുന്ന ഓഫീസാണിത്. പ്രളയത്തെ നേരിടുന്നതിനായി രണ്ട് നിലകളിലായി ഹൈടെക് വില്ലേജ് ഓഫീസാണ് നിർമിക്കുന്നത്. നിയോജക മണ്ഡലത്തിൽ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചത്. ഇതിൽ മുളവൂർ, വെള്ളൂർകുന്നം, വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. പോത്താനിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാറാടി സ്മാർട്ട് വില്ലേജ് ഓഫീസാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങൾക്ക് ലഭ്യമാകുന്നത്. പുതിയ മന്ദിരത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫീസ്' സംവിധാനവും, ടോക്കൺ സംവിധാനം, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡ്, സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറി, ഒരേസമയം ഏഴുപേർക്ക് ഇരുന്ന് ജോലിചെയ്യാൻ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാർട്ട് വില്ലേജ് ഓഫീസുകളെ ആകർഷകമാക്കും.