നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ വ്യാപാരികൾക്കായി സംഘടിപ്പിക്കുന്ന ലൈസൻസ് അദാലത്ത് നാളെ മുതൽ 20 വരെ സംഘടിപ്പിമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അറിയിച്ചു.വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് ലൈസൻസ് അദാലത്ത് നടത്തുവാൻ തീരുമാനിച്ചത്. അതോടൊപ്പം പൂവത്തുശ്ശേരി, മൂഴിക്കുളം, പുളിയനം തുടങ്ങിയ കവലകളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ അടിയന്തര നടപടിയെടുക്കണമെന്നും, കുറുമശ്ശേരി, വട്ടപ്പറമ്പ് തുടങ്ങിയ ജംഗ്ഷനുകളിൽ പൊതു ശൗചാലയങ്ങൾ നിർമ്മിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. നാളെ പൂവത്തുശേരി, 17ന് വട്ടപ്പറമ്പ്, 18ന് പുളിയനം,19ന് കുറുമശ്ശേരി, 20ന് മൂഴിക്കുളം എന്നിവിടങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ അദാലത്ത് ആരംഭിക്കും.
സെക്രട്ടറി നൈറ്റൊ അരീക്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ജെ. ജോയ്, കെ.വി. ടോമി, ജിഷ ശ്യാം, ദീപ ഗോപകുമാർ, കേരള വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സി.പി. തരിയൻ, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, ജോയ് ജോസഫ്, ബൈജു മഞ്ഞളി, വിൽസൺ പോൾ എന്നിവർ പങ്കെടുത്തു.