 
പറവൂർ: ജനങ്ങൾക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്ന് തെളിയിച്ച സർക്കാരാണിതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയിൽ നവീകരിച്ച പാലിയം കോവിലകത്തെ ഊട്ടുപുര, കടമുറികൾ, പറവൂർ മാർക്കറ്റിലെ പൈതൃക കവാടവും നാടിന് സമർപ്പിച്ച് ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. മഹാമാരികളും, പ്രകൃതിദുരന്തങ്ങളും പോലുള്ള പ്രതിസന്ധികൾക്കിടയിലും ഇത്രയേറെ ടൂറിസം പദ്ധതികൾ പൂർത്തീകരിച്ച മറ്റൊരു സർക്കാരില്ലെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിൽ തുടർന്നു നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പാലിയം കോവിലകത്തെ 400 വർഷത്തോളം പഴക്കമുള്ള ഊട്ടുപുര 2.03 കോടി രൂപ ചെലവിട്ടാണ് തനിമ നിലനിർത്തിയാണ് നവീകരിച്ചത്. ഊട്ടുപുരയിൽ വൈകുന്നേരങ്ങളിൽ തനതു കലകൾ അവതരിപ്പിക്കാനാകും. സമീപത്തെ ചെങ്കല്ലു കൊണ്ട് നിർമിച്ച ‘കൊക്കർണി’ (കിണർ) സംരക്ഷിക്കാനും പദ്ധതിയുണ്ട്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, കൗൺസിലർ എം.കെ. ബാനർജി, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, വാർഡ് അംഗം വി.യു. ശ്രീജിത്ത്, പാലിയം ട്രസ്റ്റ് മാനേജർ പി. കൃഷ്ണബാലൻ, മുസിരിസ് മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ സജ്ന വസന്തരാജ്, കെ.ബി. നിമ്മി എന്നിവർ പങ്കെടുത്തു.