stadium
നിലവിലെ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം

മൂവാറ്റുപുഴ: കായിക മേഖലയിൽ പുത്തൻ പ്രതീക്ഷയേകുന്ന ഇന്റോർ സ്റ്റേഡിയം മൂവാറ്റുപുഴയിൽ ഒരുങ്ങുന്നു. മൂവാറ്റുപുഴ പി.പി.എസ്‌തോസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇന്റോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഈ മാസം 18ന് വൈകിട്ട് 5ന് കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽഇന്റോർ സ്‌റ്റേഡിയം നിർമിക്കുന്നതിനാണ് കിഫ്ബിയിൽ നിന്നും 32.14 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ്‌കോ തയ്യാറാക്കിയ രൂപരേഖയിൽ ഇന്റോർ സ്റ്റേഡിയത്തിൽ ഷട്ടിൽ, ബാസ്‌കറ്റ്, ടെന്നീസ്, വോളിബോൾ കോർട്ടുകൾ നിർമിക്കും. ഇതോടൊപ്പം എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും, ആൺ കുട്ടികൾക്കും, പെൺ കുട്ടികൾക്കുമുള്ള ഹോസ്റ്റലും ഒരുക്കും. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന് നിവേദനം നൽകിയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി കായിക താരങ്ങൾ പരിശീലനത്തിനും മറ്റും മുനിസിപ്പൽ സ്റ്റേഡിയത്തിനെയാണ് ആശ്രയിക്കുന്നത്. കലൂർ ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയം കഴിഞ്ഞാൽ രണ്ടാമത്തെ വലിപ്പമുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിലേതാണ്. 2008ലാണ് ആധുനിക സ്റ്റേഡിയം നിർമാണത്തിന് പദ്ധതി തയാറാക്കിയതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. സ്റ്റേഡിയം നിർമാണത്തിന് ഇതുവരെ ചെലവായത് 6.36 കോടി രൂപയാണ്. 25,000 പേർക്കിരുന്ന് മത്സരം കാണാവുന്ന തരത്തിലാണ് ഗാലറി നിർമിച്ചിട്ടുള്ളത്. കിഴക്കൻ മേഖലയിലെ ആദ്യ ഇന്റോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിരവധി കായിക മത്സരങ്ങൾക്ക് മൂവാറ്റുപുഴ വേദിയാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.