കൊച്ചി: മൂന്നു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരിച്ച എറണാകുളം കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നടന്നു. പക്ഷെ കുട്ടികൾക്ക് പാർക്കിൽ കളിക്കാൻ അടുത്ത ഏപ്രിൽ വരെ കാത്തിരിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏപ്രിൽ ഒന്നിന് തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ 90 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ടിക്കറ്റ് നിരക്ക് സംബന്ധിച്ചും പിന്നീട് തീരുമാനിക്കും.
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. 18 പദ്ധതികളോടൊപ്പമാണ് പാർക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മേഖല കൊവിഡിനെ അതിജീവിച്ച് മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മേഖല വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. അതിവേഗം തന്നെ പുതിയ റെക്കാർഡുകൾ മേഖലയിലുണ്ടാവും. മികച്ച രീതിയൽ നമ്മുടെ സഞ്ചാരമേഖലയെ നിലനിർത്തുന്നതിനായി ആളുകളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. സഞ്ചാരകേന്ദ്രങ്ങളെ വൃത്തിയായും മികച്ച രീതിയിലും ഉപയോഗിക്കാൻ ആളുകൾക്ക് കഴിയണം. സഞ്ചാരികളുടെ അനുഭവസാക്ഷ്യം ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിത്ഥിയായിരുന്നു.

നാലു കോടിയിൽ നവീകരണം

ശിശുക്ഷേമസമിതിയുടെ കീഴിലുള്ള എറണാകുളംകുട്ടികളുടെ നാലു കോടി രൂപ ചിലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്. സമഗ്രമായ നവീകരണവും സൗന്ദര്യവത്കരണവും ലക്ഷ്യമിടുന്ന പദ്ധതിയിൽ പ്രവേശന കവാടം, നൂതന കളിയുപകരണങ്ങൾ, ഉല്ലാസ ബോട്ടുകൾ, കഫെറ്റീരിയ, സൂചന ബോർഡുകൾ, ടൊയ്‌ലെറ്റുകൾ മുതലായവയാണ് നിർമ്മിച്ചത്. നിലവിൽ റോഡ് നിർമ്മാണം, ലാൻഡ് സ്‌കേപ്പ് ജോലികൾ, ഓഫീസ്, കഫെറ്റീരിയ, കളി ഉപകരണങ്ങൾ എന്നിവ പൂർത്തിയായിട്ടുണ്ട്. കുളം, എനർജിപാർക്ക് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ അടുത്ത ദിവസം തന്നെ ചിൽഡ്രെൻസ് തീയറ്ററിന്റെയും ലൈബ്രറിയുടെയും കെട്ടിടം പുനർനിർമ്മിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു (കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ്) നിർമ്മാണച്ചുമതല. പ്രവേശന കവാടം മുതലുള്ള നവീകരിച്ചിട്ടുണ്ട്. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, വാച്ച്മാൻ കാബിൻ എന്നിവ 23,70,000 രൂപയ്ക്കാണ് നിർമ്മിച്ചത്. പുതിയ ഇരിപ്പിടങ്ങളും അടയാള ബോർഡുകൾക്കുമായി 20 ലക്ഷം രൂപ ചെലവിട്ടു. പാർക്കിൽ നിലവിലുള്ള കളി യുപകരണങ്ങളെല്ലാം മാറ്റും. ഇതിനായി ടെൻഡർ വിളിച്ചിരിക്കുകയാണ്. ബബർ കാർ, കമ്പ്യൂട്ടർ ഗെയിമിംഗ് സ്റ്റേഷൻ, പെഡൽ ബോട്ട്, മിനി വാട്ടർ തീം പാർക്ക് എന്നിവയാണ് നിർമ്മിക്കുക. ശുശുക്ഷേമ സമിതിയ്ക്കാവും പൂർണ നടത്തിപ്പ് ചുമതലയെന്ന് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ചന്ദ്രസേനൻ പറഞ്ഞു.