കൊച്ചി: ഇത്തവണ കൊച്ചിയിലെ വാലന്റയിൻസ് ദിനം അതിരുകളില്ലാത്ത നിഷ്കളങ്ക സ്നേഹവിനിമയത്തിന് വേദിയായപ്പോൾ 70 ഓമനമൃഗങ്ങൾ സനാഥരായി. ഇഷ്ടപ്പെടുന്നവരുടെ പരിലാളനമേറ്റ് ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച 15 പൂച്ചക്കുട്ടികൾക്കും 55 നായ് കുട്ടികൾക്കുമാണ് വാലന്റയിൻ ദിനം സുഖജീവിതം സമ്മാനിച്ചത്. കൊച്ചിയിലെ മൃഗസ്നേഹികളുടെ കൂട്ടായ്മയായ 'വൺനെസ്' രാജേന്ദ്രമൈതാനത്ത് ഒരുക്കിയ ദത്ത് മേളയായിരുന്നു രംഗം. ആർക്കും വേണ്ടാതെ തെരുവിന്റെ സന്തതികളായി മാറുമായിരുന്ന നൂറ് കണക്കിന് നാടൻ പട്ടിക്കുഞ്ഞുങ്ങൾക്കും പൂച്ചക്കുഞ്ഞുങ്ങൾക്കുമാണ് വൺനെസിന്റെ ഇടപെടലിലൂടെ ഇതിനോടകം സ്നേഹലാളനകൾ ഏറ്റുവളരാൻ അവസരമൊരുങ്ങിയിട്ടുള്ളത്. 2018 മുതലാണ് സംഘടന ഇതുപോലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. വീട്ടിലെ വളർത്തുമൃഗങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടാത്തവർക്കും ആവശ്യമുള്ളവർക്കും സംഘടനയിലൂടെ കൈമാറാം. കൊടുക്കൽ വാങ്ങലുകൾ തികച്ചും സൗജന്യമാണ്. ഓമനത്വം വിൽപ്പനച്ചരക്കാക്കിയിട്ടില്ല. ഇന്നലെ വാലന്റയിൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഞ്ചാമത് ദത്ത് മേളയിൽ ആളുകൾ സമർപ്പിച്ചതും സംഘടനയുടെ വോളന്റിയേഴ്സ് വീടുകളിൽ നിന്ന് ശേഖരിച്ചതുമായ 71 പൊന്നോമനകളാണ് ഉണ്ടായിരുന്നത്. സകുടുംബം മേളയിൽ എത്തിയവർ നിറഞ്ഞസ്നേഹത്തോടെ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിക്കൊണ്ടുപോയി. ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ആർക്കും തിരഞ്ഞെടുക്കാം. പക്ഷേ ചില വ്യവസ്ഥകൾ പാലിക്കണമെന്നുമാത്രം. വീട്ടിൽ കൊണ്ടുപോയി എങ്ങനെയും വളർത്താമെന്ന് വിചാരിക്കരുത്. സംഘടനയുടെ നിർദ്ദേശമനുസരിച്ചാവണം പരിപാലനം. കൂട്ടിലടച്ച് വളർത്താൻ പാടില്ല. മാസത്തിൽ ഒരിക്കൽ ഇവരുടെ ചിത്രം സംഘടയ്ക്ക് ആയച്ചുകൊടുക്കണം. ഇടയ്ക്കിടെ വൺനെസ് വോളന്റിയേഴ്സ് വീടുകളിൽ എത്തി പരിശോധിക്കും. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാലോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാലൊ സംഘടയുമായി ബന്ധപ്പെടാം. സാധിക്കുന്ന എന്ത് സേവനവും അവർ ലഭ്യമാകും. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയിൽ 98 അംഗങ്ങളും 25 വോളന്റിയേഴ്സുമുണ്ട്. 2018ലെ മഹാപ്രളയകാലത്ത് അനാഥരായ വളർത്തുമൃഗങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് വൺനെസ് രംഗത്തുവന്നത്. താൽപര്യമുള്ളവർക്ക് 7593098013 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ബന്ധപ്പെടാവുന്നതാണെന്ന് വൺനെസ് കോ-ഓർഡിനേറ്റർ ഷിബിൻ പറഞ്ഞു.