modi-and-pinarayi

കൊച്ചി: ലഭ്യമായ അവസരങ്ങളിലൂടെ യോജിച്ച് പ്രവർത്തിച്ചാൽ ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനും അത്ഭുതം സൃഷ്ടിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് വഴി തുറക്കുന്നതാണ് കൊച്ചിയിലെ 6100 കോടി രൂപയുടെ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ നാലു കേന്ദ്രാവിഷ്കൃത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പ്രവൃത്തി ഭാവി വളർച്ചയ്ക്ക് രൂപം നൽകും. അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ കാട്ടിയവരാണ് ഇന്ത്യക്കാർ.

കേരളത്തിന്റെയും രാജ്യത്തിന്റെയും വികസന ആഘോഷമാണിത്.

രണ്ടുവർഷം മുൻപ് സന്ദർശിച്ചപ്പോൾ രാജ്യത്തെ ഏറ്റവും ആധുനിക റിഫൈനറിയാണ് കൊച്ചിയിലേതെന്ന് മനസിലാക്കിയിരുന്നു. പ്രൊപ്പലിൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽസ് കോംപ്ളക്സ് സ്വാശ്രയത്വത്തിലേക്കുള്ള വഴിയാണ്. വിദേശനാണ്യം ലാഭിക്കാനും അനുബന്ധ വ്യവസായങ്ങൾക്ക് വഴിയൊരുക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ പ്ളാന്റിന് കഴിയും.

സമയത്തിന്റെ വിലയറിയുന്ന നഗരമാണ് കൊച്ചി. തുറമുഖത്തെ ബന്ധിപ്പിച്ച് കായലിൽ റോ റോ ഫെറി സർവീസ് ആരംഭിക്കുന്നതോടെ 30 കിലോമീറ്റർ റോഡ് ദൂരം അഞ്ചുകിലോമീറ്ററായി കുറയും. തിരക്കും മലനീകരണവും ഗതാഗതച്ചെലവും കുറയും.

ചരിത്രസ്ഥലങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും വിനോദകേന്ദ്രങ്ങളും സന്ദർശിക്കുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ തുറമുഖത്തെ പുതിയ സാഗരിക ക്രൂയിസ് ടെർമിനലിന് മുഖ്യപങ്ക് വഹിക്കാനാവും.

കൊച്ചി കപ്പൽശാലയുടെ വിജ്ഞാൻ സാഗർ കാമ്പസ് വളർച്ചയ്ക്ക് വഴിയൊരുക്കും. കൊച്ചി തുറമുഖത്തെ കോൾ ബെർത്തിന്റെ നവീകരണം അവസരങ്ങൾ വർദ്ധിപ്പിക്കും.

കൊവിഡിനെ തുടർന്ന് ആഭ്യന്തര ടൂറിസത്തിനും പ്രാധാന്യം വരികയാണ്. അനുയോജ്യമായ ടൂറിസം ഉത്പന്നങ്ങൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാകണം. ആഗോള ടൂറിസം സൂചികയിൽ 65 ാം സ്ഥാനത്തുനിന്ന് അഞ്ചു വർഷം കൊണ്ട് ഇന്ത്യ 34 ലെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, ധർമേന്ദ്രപ്രധാൻ, മൻസൂഖ് മാണ്ഡവ്യ എന്നിവർ പങ്കെടുത്തു.