
കൊച്ചി: നേതാക്കൾക്ക് ചെറിയ കൊട്ടും സംസ്ഥാന അദ്ധ്യക്ഷന് അല്പം തലോടലുമായി ബി.ജെ.പി കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് ജനസ്വാധീനം വർദ്ധിപ്പിക്കണം. ഇതിന് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ മനോഗതിയിൽ മാറ്റം വരുത്തണമെന്ന് മോദി പറഞ്ഞു.
കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിച്ചു. അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ പാർട്ടി പൂർണ്ണമായി വിജയിച്ചില്ല. കൂടുതൽ ജനപിന്തുണ ആർജിക്കണം. അതിനായി പാർശ്വവത്കരിക്കപ്പെട്ടവരിലേയ്ക്ക് എത്തണം. എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാൻ പദ്ധതി തയ്യാറാക്കണം.
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പ്രായോഗികമായ നടപടികൾ വേണം. സമൂഹമാദ്ധ്യമങ്ങളിൽ കൂടുതൽ ഇടപെടുന്ന ഘടകമാണ് കേരളത്തിലുള്ളത്. ഇത് കൂടുതൽ ശക്തമാക്കണം. സംസ്ഥാന അദ്ധ്യക്ഷന്റെ വിജയയാത്രയ്ക്ക് പൂർണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. കേന്ദ്രനേതൃത്വം കേരള ഘടകത്തോടൊപ്പമുണ്ടാകും. സംഘടനയ്ക്ക് വേണ്ടി നിരവധിപേർ ബലിദാനികളായ കാര്യം മോദി നേതാക്കളെ ഓർമ്മിപ്പിച്ചു.
ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിലേക്ക് വിളിപ്പിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും അതുണ്ടായില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, കേന്ദ്ര മന്ത്രി വി. മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഒ.രാജഗോപാൽ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, സി.കൃഷ്ണകുമാർ, പി. സുധീർ, എം. ഗണേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.