chief-minister

കൊച്ചി: പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലയെ നവീകരിച്ചും കൂടിയാവണം വ്യവസായവളർച്ച നേടേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി റിഫൈനറിയിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യനിക്ഷേപം ആകർഷിച്ചു മാത്രമല്ല വളർച്ച നേടേണ്ടത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിച്ചാണ് വികസനപദ്ധതികൾ നടപ്പാക്കുന്നത്. സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണിത്.
വേഗതയും സുരക്ഷിതത്വവുമുള്ള ആധുനിക സൗകര്യങ്ങൾ വ്യവസായ വളർച്ചക്കുള്ള അടിത്തറയാണ്. പുതിയ പെട്രോകെമിക്കൽ പദ്ധതി പെയിന്റ്, ജലശുദ്ധീകരണ കെമിക്കലുകൾ എന്നിവ ഉത്പാദിപ്പിക്കാൻ സഹായകമാണ്. ഉൾനാടൻ ജലാശയങ്ങൾ ഗതാഗതയോഗ്യമാക്കുന്നതിലൂടെ മലിനീകരണം കുറഞ്ഞ പൊതുഗതാഗതം സാദ്ധ്യമാകും. ബേക്കൽ - കോവളം ജലപാത പ്രവർത്തനക്ഷമമാക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്.

സമ്പദ്ഘടനയുടെ ചാലകശക്തിയാണ് ടൂറിസം. കപ്പൽ യാത്രക്കാരുടെ എണ്ണം 42 ശതമാനം വർദ്ധിച്ചു. ഫാക്ടിന് ആവശ്യമായ അമോണിയ ഇറക്കുമതിക്ക് പുതിയ സൗത്ത് കോൾ ബെർത്തിന്റെ നിർമ്മാണം സഹായകരമാണ്. കേന്ദ്രസർക്കാരുമായി വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സംസ്ഥാനം എപ്പോഴും സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.