കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിന് ജില്ലയിൽ ഇന്ന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരാതി പരിഹാര അദാലത്തിന് മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ, ഇ.പി. ജയരാജൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ആദ്യദിനത്തിൽ കണയന്നൂർ, കൊച്ചി താലൂക്കുകളിലെ പരാതികളാണ് പരിഗണിക്കുന്നത്. എറണാകുളം ടൗൺ ഹാളിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ഇവിടെ അദാലത്തിന് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഇരു താലൂക്കുകളിലെ അദാലത്തുകൾ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി. സുധാകരൻ, വി.എസ് സുനിൽകുമാർ എന്നിവർ മുഖ്യാതിഥിയാകും.
നാളെ ആലുവ യു.സി കോളേജിൽ ആലുവ, പറവൂർ താലൂക്കുകളിലെ പരാതികളും 18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വച്ച് കോതമംഗലം മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിലെ പരാതികൾ പരിഗണിക്കും. ജില്ലയിൽ ആകെ ലഭിച്ചത് 4651 പരാതികളാണ്. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, എം.എൽ.എമാരായ എസ്. ശർമ, എം. സ്വരാജ്, കെ.ജെ മാക്‌സി, അനൂപ് ജേക്കബ്, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.