കൊച്ചി: സ്വപ്ന പദ്ധതിയായ കെ. ഫോണിന്റെ ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് വൈകിട്ട് 5.15 ന് നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ കണക്ടിവിറ്റി പൂർത്തീകരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ,പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്ടിവിറ്റി ഉടൻ പൂർത്തീകരിക്കും. 110 -120 -400 കെ.വി ഇലക്ട്രിക്കൽ ടവറുകൾ വഴി 2900 കെ.എം.ഒ.പി.ജി.ഡബ്ല്യു കേബിളിടാൻ ഉള്ളതിൽ 360 കിലോ മീറ്റർ കേബിൾ പൂർത്തീകരിച്ചു. കൊച്ചി ഇൻഫോപാർക്ക് തപസ്യയിലാണ് നെറ്റ്‌വർക്ക് നിയന്ത്രണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
സുശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇൻറർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ട്വിറ്റി സർവീസ് പ്രൊവൈ ഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്.ചടങ്ങിൽ മന്ത്രിമാരായ എം.എം. മണി, ഡോ. ടി എം തോമസ് ഐസക്ക്, ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള, പവർ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി സൗരബ് ജെയിൻ, കെ.എസ്.ഇ.ബി എൽ ചെയർമാൻ എൻ.എസ്. പിള്ള, ബി.ഇ.എൽ ചെയർമാൻ എം.വി. ഗൗതമ, റെയിൽ ടെൽ ചെയർമാൻ പുനീത് ചൗള, കെ.എസ്.ഐ.ടി.ഐ.എൽ മാനേജിംഗ് ഡയറക്ടർ ഡോ. സി ജയശങ്കർ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.