1

തൃക്കാക്കര: വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ കന്യാസ്ത്രീ ജെസീന തോമസിന്റെ മരണത്തിൽ ദുരൂഹത. 2011 മുതൽ ജെസീനയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് ചികിത്സ തേടിയിരുന്നതായുമാണ് മഠം അധികൃതർ പൊലീസിന് നൽകിയ മൊഴി. എന്നാൽ മകൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന മാതാപിതാക്കളുടെ പൊലീസിനോടുള്ള വെളിപ്പെടുത്തലാണ് ദുരൂഹതയ്ക്ക് വഴി വച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസും ഫൊറൻസിക്കും മൃതദേഹം കണ്ടെത്തിയ പാറമടയിൽ പരിശോധന നടത്തി. വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ജെസീനയുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതിന് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടു നൽകും.

ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെയും മോനിക്കയുടെയും മകളായ ജെസീന തോമസിനെ (45) ഇന്നലെയാണ് മരിച്ച നിലയിൽ പാറമടക്കുള്ളിൽ കണ്ടെത്തിയത്. ഈ വ്യാഴാഴ്ച സിസ്​റ്റർ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മഠത്തിന്റെ വളപ്പിൽനിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. തൃക്കാക്കര ഫയർ ഫോഴ്‌സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തിടക്കാനായത്. 2018ലാണ് ജെസീന സെയ്ന്റ് തോമസ് കോൺവെന്റിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടുത്തെ താമസക്കാർ. കോൺവെന്റിലെ ജെസീനയുടെ മുറി പൊലീസ് സീൽ ചെയ്തു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്​റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സഹോദരൻ: ജിബിച്ചൻ.