
ആലുവ: സംസ്ഥാന എൻ.സി.പി പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ പോകുന്നതിനാൽ എൽ.ഡി.എഫ് സംസ്ഥാന ജാഥയിൽ ജില്ലാ ഘടകവും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അറിയിച്ചു. അതേസമയം എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നാക്കം പോകില്ലെന്നും അബ്ദുൾ അസീസ് അറിയിച്ചു.
ജില്ലയിൽ നടക്കുന്ന എൽ.ഡി.എഫിന്റെ എല്ലാ പരിപാടികളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിട്ട് നിൽക്കുന്നത് തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുമെന്നതിനാലാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെ എൻ.സി.പി ജാഥയിൽ പങ്കെടുക്കുന്നത്. ജില്ലയിലെ എൽ.ഡി.എഫിലെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാമെന്ന് ടി.പി. പീതാംബരൻ മാസ്റ്റർക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉറപ്പ് നൽകിയ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. എന്നാൽ, തീരുമാനമാകുന്നത് വരെ ജില്ലാതല പരിപാടികളിൽ എൻ.സി.പി പങ്കെടുക്കില്ല.
എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം പാർട്ടി ജില്ലാഘടകം നിർദ്ദേശിച്ചയാൾക്ക് നൽകാതെ എൻ.സി.പി സ്വതന്ത്രനായി ജയിച്ചയാൾക്ക് നൽകിയ സി.പി.എം നടപടിയാണ് തർക്കത്തിന് വഴിവെച്ചത്. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോനെയാണ് ജില്ലാ ഘടകം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠമായി നിർദ്ദേശിച്ചത്. എന്നാൽ സംസ്ഥാന കമ്മിറ്റിയംഗമായ അബ്ദുൾ ഖാദറിനെയാണ് സി.പി.എം വൈസ് പ്രസിഡന്റാക്കിയത്. ഇതേതുടർന്നുണ്ടായ തർക്കമാണ് ജില്ലയിലെ എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കാൻ എൻ.സി.പിയെ നിർബന്ധിതമാക്കിയത്. ഇതിനിടയിൽ എൻ.സി.പി സംസ്ഥാന ഘടകത്തിലുണ്ടായ ആഭ്യന്തര കലഹം തീരുമാനം പുന:പരിശോധിക്കുന്നതിനും തടസമായി.
ടി.പി. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെ മാണി സി. കാപ്പനൊപ്പം ഒൗദ്യോഗികമായി യു.ഡി.എഫിലേക്ക് പോകുമെന്നായിരുന്നു സി.പി.എം ധാരണ. ഇവർക്കൊപ്പം ജില്ലാ ഘടകവും പോകുമെന്നും ഈ സാഹചര്യത്തിൽ പുന:പരിശോധന വേണ്ടെന്നും സി.പി.എം രഹസ്യ നിലപാട് സ്വീകരിച്ചു. എന്നാൽ എൻ.സി.പി ദേശീയഘടകം എൽ.ഡി.എഫ് വിടേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ പീതാംബരൻ മാസ്റ്ററും ജില്ലാ ഘടകവും അത് അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എടത്തലയിലെ വൈസ് പ്രസിഡന്റ് സ്ഥാനം പാർട്ടി നിർദ്ദേശിച്ചയാൾക്ക് നൽകണമെന്ന ആവശ്യം എൻ.സി.പി വീണ്ടും ശക്തമാക്കുന്നത്. മാത്രമല്ല, ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറയെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും എൻ.സി.പി ആവശ്യപ്പെടുന്നുണ്ട്.
എല്ലാ സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും സംസ്ഥാനജാഥ വിജയിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അറിയിക്കുന്നു.
ടി.പി.അബ്ദുൾ അസീസ്
ജില്ലാ പ്രസിഡന്റ്
എറണാകുളം