start-up-mission-

കൊച്ചി: സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.എം) വക 4.32 കോടി രൂപയുടെ ഗ്രാന്റ്. സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാൻ സംഘടിപ്പിച്ച സീഡിംഗ് കേരള ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 52 സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നവത്ക്കരണത്തിന് 3.5 കോടി രൂപയും 41 നൂതനാശയങ്ങൾക്ക് 82 ലക്ഷം രൂപയുമാണ് ഗ്രാന്റായി നൽകുന്നത്. സീഡിംഗ് കേരളയുടെ പിച്ചിംഗ് സെഷനിലൂടെ നാല് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ അഞ്ച് നിക്ഷേപകർ തയ്യാറായി. ട്രാവൽ സ്റ്റാർട്ടപ്പായ വെർറ്റൈൽ ടെക്‌നോളജീസിൽ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എമിറെറ്റസ് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിക്ഷേപം നടത്തും.

നിർമ്മിതബുദ്ധി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫെഡോയിൽ യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്‌സും സീഫണ്ടും നിക്ഷേപിക്കും. സംരംഭങ്ങൾക്ക് ഏകജാലക സംവിധാനമൊരുക്കുന്ന റാപ്പിഡോറിൽ ഡേവിഡ്‌സൺസ് ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്. ഇലക്ട്രിക് വിമാനങ്ങൾ നിർമ്മിക്കുന്ന യൂബീഫ്‌ളൈയിൽ ഡീപ് ടെക് വെഞ്ച്വേഴ്‌സ് കാപ്പിറ്റലിസ്റ്റ് സ്‌പെഷ്യൽ ഇൻവെസ്റ്റ് നിക്ഷേപം നടത്തും.

സീഡിംഗ് കേരളയിലെ ഫിൻടെക് ചലഞ്ചിൽ സ്റ്റാർട്ടപ്പുകളായ ഹെർ മണി ടാക്‌സും ഇ വയേഴ്‌സും സമ്മാനത്തുകയായ ഒരു ലക്ഷം രൂപ പങ്കിട്ടു. ഡീപ്‌ടെക് ചലഞ്ചിൽ അഗ്രിമ സ്റ്റാർട്ടപ്പ് ഒരു ലക്ഷം രൂപ നേടി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 750 കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്താൻ നാല് ഫണ്ടുകളുമായി സഹകരിക്കുന്നുണ്ടെന്ന് സമാപന സമ്മേളനത്തിൽ ഇലക്ട്രോണിക്‌സ്, ഐ.‌ടി വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.