
കൊച്ചി : കേരള ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു. കേരള ബാങ്കിലെ ഒഴിവുകൾ പി.എസ്.സിക്ക് വിടണമെന്നും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നുമാവശ്യപ്പെട്ട് കോട്ടയം ഏഴാച്ചേരി സ്വദേശിയായ ഹരിദാസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കോട്ടയം ജില്ലാ സഹകരണ ബാങ്കിലെ ക്ളാർക്ക് - കാഷ്യർ നിയമനത്തിന് 2016 ൽ പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലുൾപ്പെട്ടയാളാണ് ഹർജിക്കാരൻ. കോട്ടയം ജില്ലാ സഹകരണ ബാങ്കിലെ 45 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഹരിദാസിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഉൾപ്പെടെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്കിന് രൂപം നൽകിയതോടെ തനിക്ക് നിയമനം ലഭിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. കേരള സഹകരണ സംഘ നിയമത്തിലെ സെക്ഷൻ 80 (3 എ) പ്രകാരം ജില്ലാ സഹകരണ ബാങ്കിലെ നിയമനങ്ങൾ പി.എസ്.സിയാണ് നടത്തേണ്ടത്. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തോടെ ഇൗ ഉത്തരവാദിത്വം കേരള ബാങ്കിനാണെന്നും ഹർജിക്കാരൻ വാദിച്ചു. നിയമപ്രകാരമുള്ള ബാദ്ധ്യത നിലനിൽക്കെ പിൻവാതിൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ കേരള ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ പരിഗണിച്ചിരുന്നെന്നും ഹർജിയിൽ പറയുന്നു. സ്ഥിരപ്പെടുത്തുന്നതു മൂലമുള്ള സാമ്പത്തിക ബാദ്ധ്യതാ വിവരങ്ങളും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടുമില്ലെന്നു ചൂണ്ടിക്കാട്ടി ശുപാർശ മടക്കി. എന്നാൽ ഫെബ്രുവരി 17 ലെ മന്ത്രിസഭായോഗത്തിൽ വീണ്ടും പരിഗണിക്കുമെന്നാണ് അറിയുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്.
രാവിലെ സമാന ആവശ്യവുമായി കണ്ണൂർ സ്വദേശി എ. ലിജിത്ത് നൽകിയ ഹർജിയിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് സർക്കാരിനോടും കേരള ബാങ്കിനോടും വിശദീകരണ പത്രിക നൽകാൻ നിർദ്ദേശിച്ച് ഹർജി മാർച്ച് മൂന്നിലേക്ക് മാറ്റിയതാണ്.