• ഏലൂർ നഗരസഭയിലെ ലഹരിജാഗ്രതാസമിതിയോഗം പ്രഹസനമായി

ഏലൂർ: ലഹരി, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിന് വേണ്ടി ഏലൂർ നഗരസഭാദ്ധ്യക്ഷൻ കൗൺസിൽ ഹാളിൽ വിളിച്ചുകൂട്ടിയ യോഗം പ്രഹസനമായി. രണ്ടര മണിക്കൂറോളംയോഗം നടന്നിട്ടും ജാഗ്രതാ സമിതികൾക്ക് രൂപം കൊടുക്കാൻ കഴിഞ്ഞില്ല. യോഗത്തിനിടെ ചെയർമാൻ എ.ഡി.സുജിൽ മറ്റൊരു യോഗത്തിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു.

പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും പങ്കെടുത്ത യോഗം തീരുമാനമൊന്നുമില്ലാതെ പിരിയുകയായിരുന്നു. ഫയലിൽ രേഖപ്പെടുത്തി വയ്ക്കാനാണെങ്കിൽ പ്രഹസന യോഗം വിളിക്കേണ്ട കാര്യമില്ലെന്ന് പങ്കെടുത്തവർ വിമർശനമുന്നയിച്ചു.

ഒരു കിലോഗ്രാമിൽ താഴെ പിടികൂടുന്ന കഞ്ചാവുമായി പിടികൂടുന്നതിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ പ്രതികളാവുമ്പോഴും ഉണ്ടാകുന്ന നിയമപ്രശ്നങ്ങളാൽ പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടാതെ പോകുന്നത് പൊലീസ് ,എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നേതാക്കൾ ശുപാർശയുമായി വരുന്നതും പരാമർശിക്കപ്പെട്ടു. വാർഡുകൾ തോറും ജാഗ്രതാ സമിതികൾ രൂപീകരിച്ച് ചർച്ചകൾ, ബോധവൽക്കരണം, സെമിനാറുകൾ, ഡോകുമെന്ററികൾ , നിഴൽ സമിതികൾ, കൗൺസലിംഗ്, ചികിത്സ, പൊതുവായ കളിസ്ഥലങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചാവിഷയമായി.

ലഹരിമരുന്നുപയോഗത്തെച്ചൊല്ലി ഒന്നാം വാർഡിലുണ്ടായ സംഭവം വിശദീകരിച്ച് സി.പി.ഐ , കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്പോരുമുണ്ടായി.

മുനിസിപ്പാലിറ്റിയിൽ ലഹരി മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുകയും അക്രമസംഭവങ്ങൾ ഉണ്ടാവുകയും വീടുകളിൽ നിന്ന് വ്യാജമദ്യവും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എക്സൈസൈസുകാർ പിടിച്ചെടുത്ത സംഭവവുമാണ് അടിയന്തിരമായി യോഗം വിളിക്കാൻ കാരണം.

വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സെക്രട്ടറി സുഭാഷ് ,സർക്കിൾ ഇൻസ്പെക്ടർ മനോജ്, എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പാതാളം ഗവ: എച്ച്.എസ്.സി. പ്രിൻസിപ്പൽ, കൗൺസിലർമാർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.