
കൊച്ചി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാപനത്തിനെതിരെ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 15, 16 തീയതികളിൽ ജീവനക്കാർ അഖിലേന്ത്യാതലത്തിൽ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാനസമിതി പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 6,500 ബാങ്ക് ശാഖകളിലെ 40,000 ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും. ഫെബ്രുവരി 19ന് തലസ്ഥാനങ്ങളിൽ ധർണയും പ്രകടനങ്ങളും സംഘടിപ്പിക്കും. ഫെബ്രുവരി 22 മുതൽ ധർണകൾ സംഘടിപ്പിക്കും.
സ്വകാര്യവത്കരണം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി. ജോസൺ അറിയിച്ചു.പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിച്ച് സ്വകാര്യവത്കരണ പ്രക്രിയ ആരംഭിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.