ആലുവ: പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫ് സംസ്ഥാന ജാഥ വിജയിപ്പിക്കണമെന്ന എൻ.സി.പി ജില്ലാ ഘടകത്തിന്റെ നിർദ്ദേശം ആലുവ നിയോജക മണ്ഡലം കമ്മിറ്റിയും പാലിച്ചു. ഇതേതുടർന്ന് സ്വീകരണത്തിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനറുമായ കെ.എം. കുഞ്ഞുമോൻ, എൻ.സി.പി നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ആലുവ മണ്ഡലത്തിൽലുണ്ടായ പ്രാദേശിക തർക്കമാണ് ജില്ലയിൽ ഒരു മാസത്തിലേറെയായി എൻ.സി.പി തുടരുന്ന നിസഹകരണത്തിന് കാരണം.

എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും എൻ.സി.പി ജില്ലാ നേതാവിനെ സി.പി.എം ഓഫീസിൽ കൈയ്യേറ്റം ചെയ്തതുമാണ് ബഹിഷ്കരണത്തിന് കാരണം. മാണി സി. കാപ്പൻ മുന്നണി വിട്ട സാഹചര്യത്തിൽ സംസ്ഥാന ജാഥയിൽ നിന്നും എൻ.സി.പി വിട്ടുനിന്നാൽ പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് ജാഥ വിജയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് സി.കെ. അബ്ദുൾ അസീസ് പറഞ്ഞു.