കൊച്ചി: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പി.എസ്.സി പരീക്ഷയെഴുതി ഉദ്യോഗത്തിനായി കാത്തിരിക്കുമ്പോൾ മെറിറ്റും സംവരണവും പാലിക്കാതെ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സാമൂഹികനീതി അട്ടിമറിക്കലാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആരോപിച്ചു.
പിന്നാക്ക സംവരണ വിഭാഗങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം ലഭിക്കുന്നതിന് പ്രധാനമാർഗം തൊഴിൽ സംവരണമാണ്. താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുമ്പോൾ സംവരണവ്യവസ്ഥ അട്ടിമറിക്കപ്പെടും. സംവരണ വിഭാഗങ്ങൾക്ക് നഷ്ടമായ തസ്തികകളിലേക്ക് പ്രത്യേകനിയമനം നടത്താൻ നടപടികളെടുക്കണമെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ ആവശ്യപ്പെട്ടു.