കൊച്ചി: നഗരഗതാഗതത്തിന്റെ പുത്തൻ അടയാളമായ ജലമെട്രോയ്ക്ക് ഒൗദ്യോഗികമായ തുടക്കം. നഗരത്തെയും ദ്വീപ് സമൂഹങ്ങളെയും ബന്ധിപ്പിച്ച് അത്യാധുനിക ബോട്ടുകൾ സർവീസ് നടത്തുന്ന ജലമെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
പേട്ടയിലെ പനംകുറ്റി പാലം, കനാൽ നവീകരണ പദ്ധതി, പുനരധിവാസകേന്ദ്രം നിർമ്മാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി. സുധാകരൻ, ടി.പി. രാമകൃഷ്ണൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ പി.ടി. തോമസ്, എസ്. ശർമ, കെ.ജെ. മാക്‌സി, എം. സ്വരാജ്, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ റീമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ കൊച്ചിയിലെ പത്ത് ദ്വീപുകളെയാണ് ജലമെട്രോയിൽ ബന്ധിപ്പിക്കുക. 38 ടെർമിനലുകളും 78 ബോട്ടുകളുമാണ് ജലമെട്രോയുടെ ഭാഗമാവുക. എല്ലാ ബോട്ടുകളും എ.സിയാണ്. വൈദ്യുതിയിലാണ് ഓടുക. ആദ്യഘട്ടത്തിൽ വൈറ്റില മുതൽ കാക്കനാട് വരെ 16 ടെർമിനലുകളാണ് നിർമിക്കുന്നത്. പിന്നീട് ഇൻഫോപാർക്ക് സ്‌മാർട്ട് സിറ്റി വരെ ദീർഘിപ്പിക്കും.
പേട്ടയ്ക്ക് പുത്തൻപാലം
പനംകുറ്റി പാലം പേട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ്. പൂർണ നദിക്ക് കുറുകെ 50 വർഷം പഴക്കമുള്ള പാലത്തിനു പകരമാണിത്. 17.20 കോടി രൂപയാണ് ചെലവ്. 230 മീറ്റർ നീളം. ഓരോ 70 മീറ്റർ നീളത്തിലും 5 സ്പാനുകളുണ്ട്. 22 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി 15 മാസം കൊണ്ട് പൂർത്തിയായി.
കനാലുകൾ നവീകരിക്കും
കനാലുകൾ പുന:സ്ഥാപിക്കാൻ 1,528 കോടി ചെലവഴിക്കും. ആറ് പ്രധാന കനാലുകളെ കൊച്ചിയെ ചുറ്റുന്ന നദികളിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കും. ഇതുവഴി 34 കിലോമീറ്റർ സുഗമമായി യാത്ര ചെയ്യാൻ സാധിക്കും.
വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് പുനരധിവാസത്തിന് ഭവനസമുച്ചയം നിർമിക്കും.
സമാനതകളില്ലാത്ത വികസനം
സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണ്. സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനം കൊച്ചി മെട്രോയാണ്.
പിണറായി വിജയൻ
മുഖ്യമന്ത്രി