
കൊച്ചി: ലൈഫ് മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മിട്സുമി ഹൗസിംഗ് (പ്രൈ) ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇ.ഡി വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ലൈഫ് പദ്ധതിയുടെ കരാറുകളെടുത്ത മൂന്ന് കമ്പനികളിൽ ഒന്നാണ് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള മിട്സുമി കമ്പനി. മാനേജിംഗ് ഡയറക്ടർ അജേഷ് ഷായുടെ വസതിയിലും ദിവസങ്ങൾ നീണ്ട റെയ്ഡ് നടന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭവനപദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിലപ്പെട്ട രേഖകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനകൾക്കായി സി-ഡാക്കിന് കൈമാറി.സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക്കിന് പുറമെ മിട്സുമി ഹൗസിംഗ്, പെന്നാർ ഇൻഡസ്ട്രീസ് എന്നീ കമ്പനികളുമാണ് കേരളത്തിലെ ലൈഫ് മിഷന്റെ വിവിധ പദ്ധതി നടത്തിപ്പിന് കരാർ എടുത്തിട്ടുള്ളത്.