മൂവാറ്റുപുഴ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തി ബിനോയ് വിശ്വം എം.പി നയിക്കുന്ന എൽ.ഡി.എഫ് തെക്കൻമേഖലാ വികസനമുന്നേറ്റജാഥയ്ക്ക് ഇന്ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ ടൗൺഹാൾ അങ്കണത്തിൽ സ്വീകരണം നൽകും. ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദൻ, അഡ്വ.പി. വസന്തം, അഡ്വ. തോമസ് ചാഴികാടൻ, സാബു ജോർജ്, വർക്കല.ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻ പിള്ള, എം.വി. മാണി, അബ്ദുൽ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിക്കും. ടൗൺഹാൾ അങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പതിനാലു ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ള പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രകടനമായി എത്തിച്ചേരും. പിറവം നിയോജകമണ്ഡലത്തിലെ സ്വീകരണത്തിനുശേഷം മൂവാറ്റുപുഴ മണ്ഡലാതിർത്തിയായ മാറാടി മണ്ണത്തൂർ കവലയിൽനിന്ന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കുന്ന ജാഥ ടൗൺചുറ്റി മുനിസിപ്പൽ ടൗൺഹാളിലെ സ്വീകരണ യോഗത്തിനുശേഷം സമാപനകേന്ദ്രമായ കോതമംഗലത്തേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ എത്തിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എൻ. അരുണും കൺവീനർ എം.ആർ. പ്രഭാകരനും അറിയിച്ചു.