ഏലൂർ: നഗരസഭയിൽ ഇന്നലെ വിളിച്ചുകൂട്ടിയ ലഹരിമരുന്ന് വിരുദ്ധ ജാഗ്രതാ സമിതി രൂപീകരണം പ്രഹസനമായെന്ന് ബിജെപി, കോൺഗ്രസ് കൗൺസിലർമാരും , ഇടത് അനുഭാവികളും ആരോപിച്ചു. 15 വർഷമായി ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം യോഗം ചേരുകയാണ് നഗരസഭയിലെ രീതിയെന്നും കൗൺസിലർ കൃഷ്ണപ്രസാദ് പറഞ്ഞു. പ്രചാരണത്തിനു വേണ്ടി മാത്രം ചേരുന്ന യോഗങ്ങൾ പ്രഹസനമാെണന്ന് കൗൺസിലർമാരായ പി.ബി.ഗോപിനാഥ്, കെ.എൻ.അനിൽകുമാർ, എസ്.ഷാജി എന്നിവർ പറഞ്ഞു. തന്റെ വീട് അഞ്ചു വർഷം മുമ്പ് ലഹരി മാഫിയ ആക്രമിച്ചതും, മഞ്ഞുമ്മൽ സ്വദേശിയുടെ ബൈക്ക് കത്തിച്ചതും യോഗത്തിൽ ഷാജി ഓർമ്മപ്പെടുത്തി.
ലഹരിമരുന്ന് ഉപയോഗത്തിനെതിരെ നഗരസഭ ചെയ്യേണ്ടത് ചെയ്യാതെ കടലാസു കമ്മിറ്റികൾ രൂപീകരിക്കുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം. അയൂബ് പറഞ്ഞു.