 
കളമശേരി: 'കുഞ്ഞൻ"വൃക്ഷങ്ങളെ പ്രണയിക്കുന്ന അജയകുമാറിനെയും കുഞ്ഞൻമാരെയും കൺകുളുർക്കെ കാണണമെങ്കിൽ വരൂ... ഇടപ്പള്ളി റോസ്ഗാർഡൻ ചൈതന്യയിലെ വീട്ടുമുറ്റത്തും വീടിനുള്ളിലും ടെറസിലുമായി മുപ്പതു വർഷത്തിലധികം പ്രായമുള്ള വൃക്ഷങ്ങളുണ്ട്. ഗൃഹനാഥൻ അജയിന് പ്രാണനേക്കാൾ പ്രിയപ്പെട്ടതാണ് ഇവ. അമ്പതോളം വ്യത്യസ്ത വൃക്ഷങ്ങൾ അജയ് നിശ്ചയിക്കും പോലെ വളരുന്നു.
പലതരം നാരകം, പുളി, കണിക്കൊന്ന , സപ്പോട്ട, ചെറി, വെസ്റ്റിന്ത്യൻ ചെറി, വാക, മാവ്, മിറാക്കിൾ ഫ്രൂട്ട്, ഡിവിഡിവി തുടങ്ങി ഫല വൃക്ഷങ്ങളുടെയും പൂമരങ്ങൾ ചൈതന്യയിൽ ചൈതന്യം നിറയ്ക്കുന്നു.
വളർച്ച നിയന്ത്രിച്ച് കലാപരമായാണ് ഓരോ വൃക്ഷവും രൂപപ്പെടുത്തിയിട്ടുള്ളത്. വന്മരം മറിഞ്ഞു വീണാലെങ്ങനെ, വൻ കാറ്റടിച്ചാൽ, ആറ്റുതീരത്ത് ഒഴുക്കിലെ രീതി , സർപ്പ ഭംഗി, കുട തുടങ്ങിയ വിവിധ ആശയങ്ങളിലാണ് ഭാവനാപൂർണവും ശാസ്ത്രീയവുമായി വൃക്ഷത്തെ വളർച്ച നിയന്ത്രിച്ച് രൂപപ്പെടുത്തുന്നത്.
ബോൺസായ് രീതി അജയ് സ്വയം പഠിച്ചെടുത്തതാണ്. കാർഷിക പാരമ്പര്യമുള്ള കുടുംബാംഗമായതും വൃക്ഷലതാദികളോടുള്ള പ്രണയവുമായിരുന്നു പ്രചോദനം.
ഫാക്ടിലെ ജോലി കഴിഞ്ഞുള്ള സമയവും വാമഭാഗമായ ഗീത ടീച്ചറും മക്കളായ ലക്ഷ്മിയും പാർവ്വതിയും പിന്തുണയുമായി ഒപ്പം നിന്നു. നിരവധി പേർ ചോദിച്ചെത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി പരിപാലിച്ച വൃക്ഷങ്ങളെ ആർക്കും വിൽക്കാൻ മനസുവന്നില്ല. ഇപ്പോൾ വീടു നിറയെ കുഞ്ഞൻമാരായതിനാൽ അതിനെക്കുറിച്ച് ആലോചനയുണ്ടെന്നും അജയ് പറഞ്ഞു. കൊച്ചിയിലെ ഫ്ളവർ ഷോയിൽ രണ്ടു വർഷം പങ്കെടുത്തിരുന്നു.
കുഞ്ഞൻ വൃക്ഷങ്ങൾക്കുള്ള ഇരിപ്പിടം വാർത്തെടുക്കുന്നതും അജയ് തന്നെ. ചട്ടിയുടെ നീളം വൃക്ഷത്തിന് എത്ര ഉയരം വേണമെന്ന് നിശ്ചയിച്ച ശേഷമാണ് നിർണയിക്കുന്നത്. ചട്ടിയുടെയോ വൃക്ഷത്തിന്റെയോ കണക്ക് പാളിയാൽ ബോൺസായ് കുടുംബത്തിൽ നിന്നു പുറത്താകും.ആഴം കുറഞ്ഞ പാത്രം എന്നതാണ് ജപ്പാനീസ് ഭാഷയിൽ ബോൺ. സായ് എന്നാൽ സസ്യം.
ആൽ അഞ്ചിനം: അരയാൽ, പേരാൽ, കല്ലാൽ, കൊടയാൽ, കാട്ടാൽ 
  മുപ്പതു വർഷത്തിലധികം പ്രായമുള്ള  വൃക്ഷങ്ങൾ