corporation-

കൊച്ചി : നഗരത്തെ മാലിന്യമുക്തമാക്കാനും ഹരിതവത്കരിക്കാനും ലക്ഷ്യമിട്ടു എല്ലാ ഡിവിഷനുകളിലും 'ഹീൽ' പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ. ഹെൽത്ത്, എൻവയോൺമെന്റ്, അഗ്രികൾച്ചർ, ലൈവ്‌ലിഹുഡ് എന്നതിന്റെ ചുരുക്കെഴുത്താണു ഹീൽ. ഇതിനു വേണ്ടി 400 ദിവസ വേതന തൊഴിലാളികളെ നിയമിക്കാൻ സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി തേടാനും കൗൺസിൽ യോഗം തീരുമാനിച്ചു. മാലിന്യം കുറയ്ക്കുക, തരംതിരിച്ചു ശേഖരിക്കുക, ശാസ്ത്രീയമായി സംസ്‌കരിക്കുക, ഇതിനു വേണ്ടി ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുക, കാർഷിക സമ്പദ് ഘടന ഉത്തേജിപ്പിക്കുക, നിലവിലുള്ള ജീവനക്കാരുടെ വരുമാനം വർധിപ്പിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ഹീൽ പദ്ധതി നടപ്പാക്കുന്നതെന്നു മേയർ എം. അനിൽ കുമാർ അറിയിച്ചു.

യൂസർ ഫീ കോർപ്പറേഷൻ വാങ്ങും

*മാലിന്യ ശേഖരണത്തിനും നീക്കത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും മാലിന്യ സംസ്‌കരണത്തിനു വേണ്ടി ബ്രഹ്മപുരം പ്ലാന്റിൽ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചു മാസ്റ്റർപ്ലാൻ തയാറാക്കാനും ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
* പദ്ധതി നടപ്പാക്കുന്നതോടെ മാലിന്യ ശേഖരണത്തിനുള്ള വീടുകളിൽ നിന്ന് ഈടാക്കുന്ന യൂസർ ഫീ കോർപ്പറേഷൻ നേരിട്ടു വാങ്ങും. വീടുകളിൽ നിന്ന് എത്ര തുക, എങ്ങനെ ഈടാക്കണം, പ്രത്യേക നികുതി ഏർപ്പെടുത്തണമോ തുടങ്ങി പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഖരമാലിന്യ സംസ്‌കരണ ഉപനിയമത്തിനു കൗൺസിൽ പിന്നീടു രൂപം നൽകും. പ്രത്യേക പദ്ധതി നിർവഹണ യൂണിറ്റും രൂപീകരിക്കും.
*മേയർ ചെയർമാനും ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൺവീനറുമായ വിദഗ്‌ദ്ധ സമിതിയുടെ മേൽനോട്ടത്തിലാണു പദ്ധതി നടപ്പാക്കുക. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ചില റോഡുകൾ ശുചിത്വ തെരുവുകളായി സംരക്ഷിച്ചു വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സൗന്ദര്യവൽക്കരിക്കും.


* നഗരത്തിലെ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുക, അതു ശേഖരണ കേന്ദ്രങ്ങളിലേക്കു നീക്കുക, ബ്രഹ്മപുരത്തേക്കു കൊണ്ടു പോകുന്നത് തുടങ്ങിയ കാര്യങ്ങൾ രാത്രി മാത്രമായിരിക്കും നിർവഹിക്കുക. മാലിന്യ നീക്കത്തിനു വേണ്ടി സ്മാർട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി ആധുനിക വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കും.

ഹീൽ പ്രായോഗികമല്ലെന്ന് പ്രതിപക്ഷം

കൊച്ചി : ആശയമെന്ന നിലയിൽ 'ഹീൽ' പദ്ധതിയോടു യോജിക്കുമ്പോഴും വിശദമായ പദ്ധതി രൂപരേഖ ഉണ്ടാകണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതിയിൽ ഒട്ടേറെ അവ്യക്തതകളുണ്ട്. വീടുകളിൽ നിന്നു പണം പിരിക്കുന്നതും മാലിന്യം ശേഖരിക്കുന്നതും ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിലാക്കുന്നതു പ്രായോഗികമല്ല. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ ആലോചിക്കാതെ വെറും പ്രഖ്യാപനം മാത്രമാണു നടക്കുന്നതെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ആന്റണി കുരീത്തറ കുറ്റപ്പെടുത്തി.